ടെൽ അവീവ്: ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ യുഎസ് സൈന്യം ആക്രമിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'പ്രസിഡന്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്, 'ശക്തിയിലൂടെ സമാധാനം' എന്ന്. ഡൊണാൾഡ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു' എന്നാണ് അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ നെതന്യാഹു പ്രതികരിച്ചത്.
'പ്രസിഡന്റ് ട്രംപിന് അഭിനന്ദനങ്ങൾ. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കാനുള്ള നിങ്ങളുടെ ധീരമായ തീരുമാനം ചരിത്രം മാറ്റിമറിക്കും.വേറൊരു രാജ്യത്തിനും ചെയ്യാൻ സാധിക്കാത്തതാണ് അമേരിക്ക ചെയ്തത്. ലോകത്തെ ഏറ്റവും അപകടകാരികളായ ഭരണത്തെയും ആയുധങ്ങളെയും തകർക്കാനുള്ള ട്രംപിന്റെ തീരുമാനം ചരിത്രം രേഖപ്പെടുത്തും. അദ്ദേഹത്തിന്റെ നേതൃത്വം പശ്ചിമേഷ്യയെയും മറ്റ് രാജ്യങ്ങളെയും അഭിവൃദ്ധിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കും. പ്രസിഡന്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്, 'ശക്തിയിലൂടെ സമാധാനം' എന്ന്. ഡൊണാൾഡ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു. ഞാനും ഇസ്രയേൽ ജനതയും നിങ്ങളോട് നന്ദി പറയുന്നു. ദൈവം അമേരിക്കയെയും ഇസ്രയേലിനെയും അനുഗ്രഹിക്കട്ടെ'- എന്നാണ് വീഡിയോ സന്ദേശത്തിൽ നെതന്യാഹു വ്യക്തമാക്കിയത്.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ നാല് മണിയോടെ അമേരിക്ക ബോംബ് ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, എസ്‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഓപ്പറേഷൻ പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ മടങ്ങിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകളാണ് ഇറാനിൽ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |