ലണ്ടൻ/ഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനായ ഐഒസി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) യിൽ കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്.
ലയനത്തിന് മുൻപ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേൽ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടൻ റീജിയൻ, മിഡ്‌ലാൻഡ്‌സ് റീജിയൻ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിത്രോദ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റർ ഭാരവാഹികളെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കേരള ചാപ്റ്ററിന്റെ ഇൻ ചാർജ് ചുമതല ജനറൽ സെക്രട്ടറി വിക്രം ദുഹാനും സഹ ചുമതല യൂത്ത് വിങ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോർഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോർഡിനേറ്ററായി അഷീർ റഹ്മാൻ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻസൺ ജോസ്, അശ്വതി നായർ, ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഷ്‌റഫ് അബ്ദുള്ള, സുരാജ് കൃഷ്ണൻ, അജിത് വെൺമണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറൽ സെക്രെട്ടറിമാർ. ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇൻചാർജ്), മെബിൻ ബേബി എന്നിവരാണ് സെക്രെട്ടറിമാർ. സുനിൽ രവീന്ദ്രൻ, അരുൺ പൗലോസ്, റോണി ജേക്കബ്, ഷോബിൻ സാം, ലിജോ കെ ജോഷ്വ എന്നിവരാണ് നിർവഹക സമിതി അംഗങ്ങൾ. ബിജു ജോർജ് ആണ് ട്രഷറർ. മണികണ്ഠൻ ഐക്കാട് ആണ് ജോയിന്റ് ട്രഷറർ. ജെന്നിഫർ ജോയി വിമൻസ് വിങ് കോർഡിനേറ്ററായും അജി ജോർജ് പിആർഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിങ് കോർഡിനേറ്റർ എഫ്രേം സാം മറ്റപ്പള്ളിൽ ആണ്. അജിത് മുതയിൽ, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.
ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന എഐസിസി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങൾ ഐഒസിയിൽ ലയിച്ചത്. പ്രവാസികളായ കോൺഗ്രസ് അനുഭാവികൾക്കിടയിൽ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് ഇത്തരമൊരു നീക്കം.
ഗൾഫ് രാജ്യങ്ങളിൽ കെപിസിസിയുടെ മേൽനോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകൾ മലയാളികൾക്കിടയിൽ വ്യാപകമായുള്ളത്. എന്നാൽ യുഎസ്, യുകെ, ജർമനി, അയർലൻഡ് ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഐഒസിക്കാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരിൽ ചാപ്റ്റർ യൂണിറ്റുകൾ ഉള്ളത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ ഇവിടങ്ങളിൽ സന്ദർശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുമതിയോടെ ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിത്രോദ, ഐഒസിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആരതി കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ലയന പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ഏകോപന സമിതി അംഗങ്ങളായ ജോർജ് എബ്രഹാം, മഹാദേവൻ വാഴശ്ശേരിൽ, ജോയി കൊച്ചാട്ട് എന്നിവർ ലയനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |