കൊച്ചി: അമ്പെയ്ത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് 55-ാം വയസിൽ. രണ്ട് വർഷങ്ങൾക്ക് ഇപ്പുറം, ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിൽ അമ്പെയ്ത്ത് ബേർബൗയിൽ രാജ്യത്തിനായി തൊടുത്തിട്ടത് ആരും കൊതിക്കുന്ന വെങ്കല മെഡൽ. അതിയായ ആഗ്രഹവും കഠിനപരിശീലനവും ഉണ്ടെങ്കിൽ ലക്ഷ്യം എത്തിപ്പിടിക്കാൻ പ്രായം തടസമേയല്ലെന്ന് കാട്ടിത്തരുകയാണ് സിംഗപ്പൂരിൽ യോഗമാസ്റ്ററായ സുരേഷ് സുബ്രഹ്മണ്യൻ. തൃശൂർ അരിമ്പൂർ സ്വദേശിയാണ് ഈ 57കാരൻ. മേയിൽ തായ്വാനിലായിരുന്നു ഗെയിംസ്.
തൃശൂർ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് മാനേജ്‌മെന്റ് കോളേജിന്റെ സെക്രട്ടറിയായിരിക്കെയാണ് സുരേഷ് യോഗ അദ്ധ്യാപകനായി സിംഗപ്പൂരിലേക്ക് പറക്കുന്നത്. അമ്പെയ്ത്ത് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നെങ്കിലും പഠിക്കാൻ കഴിഞ്ഞില്ല. പരിശീലകനായ അലി അവാംഗിനെ 2022ൽ സിംഗപ്പൂരിൽ വച്ച് പരിചയപ്പെടാനിടയായത് വഴിത്തിരിവായി. ദിവസം നാലുമണിക്കൂറായിരുന്നു പരിശീലനം.
'' മെഡലല്ല, വലിയൊരു വേദിയിൽ മത്സരിക്കൽ മാത്രമായിരുന്നു ആഗ്രഹം. 27ന് മടക്കടിക്കറ്റും ബുക്ക് ചെയ്തതാണ്. ക്വാളിഫയറിൽ നാലാമനായി. വാശിയേറിയ സെമി പേരാട്ടത്തിൽ തോൽവി. ലൂസേഴ്സ് മത്സരത്തിൽ ക്വാളിഫെയറിലെ രണ്ടാം സ്ഥാനക്കാരനായ ജപ്പാൻകാരനെ തോൽപ്പിച്ചാണ് വെങ്കലം നേടിയതെന്ന്'' സുരേഷ് സുബ്രഹ്മണ്യൻ പറഞ്ഞു.
21വർഷമായി സിംഗപ്പൂരിൽ കഴിയുന്ന സുരേഷ് യോഗകളരി സിംഗപ്പൂർ എന്ന പരിശീലനകേന്ദ്രം നടത്തിവരുന്നു. 1990 മുതൽ യോഗ പഠിച്ചുതുടങ്ങി. ബാങ്കോക്കിലും യോഗ പഠിപ്പിച്ചു. വലിയ ശിഷ്യ സമ്പത്തുമുണ്ട്. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയായ ആശയാണ് ഭാര്യ. മകൾ ദേവിക.
ബേർബൗ
• ലക്ഷ്യസ്ഥാനത്തേയ്ക്ക് 50 മീറ്റർ ദൂരം
• ലെൻസ് ഉപയോഗിക്കാനാകില്ല
• ഒരു റൗണ്ടിൽ 3 അമ്പെയ്യാം
• കൂടുതൽ പോയിന്റ് നേടുന്നവർക്ക് റൗണ്ട്
• 3 റൗണ്ട് തുടർച്ചയായി സ്വന്തമാക്കിയാൽ വിജയി
• 5-ാം റൗണ്ടിലാണ് സുരേഷ് വിജയം കീഴടക്കിയത്
ആർച്ചറി വേൾഡ് കപ്പിൽ മത്സരിക്കണമെന്നാണ് ആഗ്രഹം.തയ്യാറെടുപ്പുകൾ തുടങ്ങി.
സുരേഷ് സുബ്രഹ്മണ്യൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |