കൊച്ചി: ഇലക്ട്രിക് കാറുകളുടെ രാജാവ് ടെസ്‌ല, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വാഹനവിപണിയായ ഇന്ത്യയിൽ തങ്ങളുടെ വരവ് അറിയിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ജൂലായ് പകുതിയോടെ മുംബയിലും ഡൽഹിയിലും ടെസ്‌ല ഷോറൂമുകൾ തുറക്കും. ടെസ്‌ലയുടെ ചൈനയിലുള്ള ഫാക്ടറിയിൽ നിർമ്മിച്ച മോഡൽ വൈ എസ്.യു.വിയുടെ ഒരു ബാച്ച് ഇതിനോടകം ഇന്ത്യയിലെത്തിയതായാണ് വിവരം. യൂറോപ്പിലെയും ചൈനയിലെയും തങ്ങളുടെ വില്പനയിൽ ഇടിവ് നേരിടുമ്പോഴാണ് ഇലോൺ മസ്ക് നേതൃത്വം വഹിക്കുന്ന ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ്.
ഇന്ത്യയിലേക്ക് ടെസ്‌ല വരുമോ ഇല്ലയോ എന്ന ഒരു വർഷം നീണ്ട സംശയങ്ങൾക്കും ചർച്ചകൾക്കും ഇതോടെ പരിസമാപ്തി ആകും. മസ്ക് ഏറെക്കാലമായി നോട്ടമിട്ട വിപണിയാണ് ഇന്ത്യ. എന്നാൽ, തീരുവയെയും ആഭ്യന്തരമായി നിർമ്മിക്കുന്നതിനെയും ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് നീണ്ടത്. ഒടുവിൽ ഫെബ്രുവരിയിൽ അമേരിക്കയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയിൽ വരാമെന്ന തീരുമാനത്തിലേക്ക് മസ്ക് എത്തിയത്.
പ്രീമിയം കാർ, പ്രീമിയം വില
27 ലക്ഷം കാറിന്റെ നിർമ്മാണ ചെലവും 21ലക്ഷം ഇറക്കുമതി തീരുവയും മറ്റ് സർചാർജുകളുമെല്ലാം ഉൾപ്പെടെ, ടാക്സും ഇൻഷ്വറൻസും ഒന്നും കൂട്ടാതെ തന്നെ ഒരു കാറിന് 56 ലക്ഷത്തോളം വിലയാകുമെന്നാണ് വിവരം. തങ്ങളുടെ ലാഭവുമെല്ലാം കണക്കാക്കി വാഹനത്തിന്റെ ഇന്ത്യയിലെ ഫൈനൽ വില മസ്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു കോടിക്ക് അടുത്തോ അതിലേറെയോ ഒരു ടെസ്‌ല കാറിന് വിലയായേക്കാം. സർക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് പുതിയ കാർ സ്വന്തമാക്കുന്നവരിൽ വെറും 5 ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകൾ വാങ്ങുന്നത്. അതിൽ തന്നെ പ്രീമിയം ഇ.വി കാറുകൾ വാങ്ങുന്നത് വെറും 2 ശതമാനവും. ഈ രണ്ട് ശതമാനത്തെ ബോദ്ധ്യപ്പെടുത്തി തങ്ങളുടെ ടെസ്‌ല കാറുകൾ വിറ്റഴിക്കുക എന്നതാവും മസ്കിന്റെ മുന്നിലുള്ള വെല്ലുവിളി. അതേസമയം, ടെസ്‌ലയ്ക്ക് ആഗോളതലത്തിലുള്ള പെരുമ കൊണ്ട് ഇക്കാര്യം അവർക്ക് ബുദ്ധിമുട്ടുള്ളതാവില്ലെന്ന് വാഹനരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |