കണ്ണൂർ: അറുന്നൂറോളം വസ്തുക്കളെ തിരിച്ചറിഞ്ഞും പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും മൂന്നുവയസിനുള്ളിൽ ഓർമ്മശേഷിയിൽ ലോക റെക്കോർഡുൾപ്പെടെ അഞ്ച് റെക്കോർഡുകൾ കരസ്ഥമാക്കി വിസ്മയം തീർത്തിരിക്കുകയാണ് ദൈവിക് ജിപിൻലാൽ. രണ്ട് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, കലാംസ് വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയാണ് ഇതിനകം ഈ പൊന്നോമന കരസ്ഥമാക്കിയത്.
പൊതുവിജ്ഞാന ചോദ്യങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ നേതാക്കൾ, ശരീരഭാഗങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, കാറിന്റെ പേരുകൾ തുടങ്ങി അറുന്നൂറോളം വസ്തുക്കളെ ഈ കൊച്ചു പ്രായത്തിൽ തന്നെ തിരിച്ചറിയാനും പറയാനും ഈ കൊച്ചു മിടുക്കന് സാധിക്കും. കണ്ണൂൂർ സെന്റ് മൈക്കിൾസ് പ്രീ പ്രൈമറി സ്കൂളിലെ പ്രീ കെ.ജി വിദ്യാർത്ഥിയായ ഈ മിടുക്കൻ സംസാരിച്ചു തുടങ്ങുന്നതിന് മുമ്പെ വസ്തുക്കളെ തൊട്ടുകാണിച്ചിരുന്നു.
ജിപിൻലാൽ- അതുല്യ ഉത്തമൻ ദമ്പതികളുടെ മകനായ ദൈവിക്കിന്റെ ഈ കഴിവ് ആദ്യം മനസിലാക്കിയത് അമ്മ തന്നെയാണ്. ഇതോടെ ചിത്രങ്ങളും കാർഡുകളും വാങ്ങിച്ച് മകനെ പരിശീലിപ്പിച്ചുതുടങ്ങി. 2023ൽ ഒരു വയസ്സും ഏഴു മാസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ദൈവിക്കിനെ തേടിയെത്തിയത്. പച്ചക്കറികളും മൃഗങ്ങളും രൂപങ്ങളും തിരിച്ചറിയുന്നതിലായിരുന്നു റെക്കോർഡ്. രണ്ട് വയസ്സും എട്ടു ദിവസവും പ്രായമുള്ളപ്പോൾ പതിനെട്ട് മിനുട്ടിൽ 175 വസ്തുക്കളുടെ ഫ്ളാഷ് കാർഡുകൾ തിരിച്ചറിഞ്ഞ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചു. 2023 ൽ തന്നെ കലാംസ് വേൾഡ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കി. ഏറ്റവും ഒടുവിൽ ഈ വർഷം അഞ്ഞൂറ് വസ്തുക്കൾ തിരിച്ചറിഞ്ഞ് പറഞ്ഞതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് രണ്ടാമതും ദൈവിക്കിനെ തേടിയെത്തി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ ഒഴുകിയെത്തുകയാണ് ദൈവിക്കിന്റെ വീട്ടിലേക്ക്.
കുഞ്ഞായിരിക്കുമ്പോൾ തന്നെ എല്ലാം പെട്ടെന്ന് മനസ്സിലാക്കാനും തൊട്ടുകാണിക്കാനും മകൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് കഴിവ് തിരിച്ചറിയുന്നത്. അംഗീകാരത്തിൽ വളരെ സന്തോഷവും അഭിമാനവുമാണ്.
അതുല്യ ഉത്തമൻ, ദൈവിക് ജിപിൻലാലിന്റെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |