തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാലയിൽ നിന്ന് ദിവസവും പാൽ മോഷണം പോകുന്നതായി കണ്ടെത്തി. ക്ഷേത്ര വിജിലൻസ് നടത്തിയ പരിശോധനയിലാണ് 20 ലിറ്റർ പാൽ ദിവസവും കടത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. ദിവസവും 40 മുതൽ 50 ലിറ്ററോളം പാൽ ഗോശാലയിൽ നിന്ന് ലഭിക്കാറുണ്ട്.
എന്നാൽ അതിൽ കുറവ് വരുന്നതായി കണ്ടെത്തി. കടത്തിൽ സംശയം തോന്നിയ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ ക്ഷേത്രം വിജിലൻസ് നടത്തിയ പരിശോധനയിലാണ് അസിസ്റ്റന്റ് സ്‌റ്റോർ കീപ്പർ തസ്തികയിലുള്ള ഒരു ജീവനക്കാരൻ പാൽ പുറത്തേക്ക് കടത്താൻ മാറ്റിവച്ചതായി കണ്ടെത്തിയത്. സി.സി ടിവി ഉൾപ്പടെ പരിശോധിച്ചാണ് സ്ഥിരീകരണം. സംഭവത്തിൽ ജീവനക്കാരനെതിരെ ഉടൻ നടപടിയെടുക്കും.
പരിശോധന നടന്ന വെള്ളിയാഴ്ച കടത്താൻ മാറ്റിയ 20 ലിറ്ററോളം പാൽ പിന്നീട് ക്ഷേത്രാവശ്യത്തിനായി ഉപയോഗിച്ചതായി കണ്ടെത്തി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതായും ക്ഷേത്രം വിജിലൻസ് വിഭാഗം അറിയിച്ചു.ക്ഷേത്ര ഗോശാലയിൽ നിന്ന് കറക്കുന്ന പാൽ കവറുകളിലാക്കിയാണ് ക്ഷേത്ര ആവശ്യങ്ങൾക്കായി എത്തിക്കുന്നത്.19 പശുക്കളുണ്ട്.ഇതിൽ ഒൻപതെണ്ണം കറവയുള്ളതും 10 എണ്ണം കിടാക്കളുമാണ്.പുലർച്ചെ 12.30നാണ് പാൽ കറക്കുന്നത്.
മൂന്ന് മണിക്കുള്ള അഭിഷേകത്തിന് ശേഷം രാവിലെ മറ്റ് ആവശ്യങ്ങൾക്കായി 9.30ന് വീണ്ടും പാൽ കറക്കും. സംഭവത്തിൽ നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. ക്ഷേത്രത്തിലെ ആഭ്യന്തരതലത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. വിശദ അന്വേഷണ റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ നൽകും. ഒരു മാസത്തിന് മുൻപ് ക്ഷേത്രത്തിൽ 13 പവന്റെ സ്വർണദണ്ഡ് കാണാതെ പോയതും പിന്നീട് അത് മണലിൽ പുതഞ്ഞ് കിടന്നതും വലിയ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |