തൊടുപുഴ: ഹിന്ദു തറവാടായ മുണ്ടയ്ക്കലിന് സദ്യവട്ട വിഭവങ്ങൾ നൽകിയിട്ടേ തൊടുപുഴ തെനംകുന്ന് പള്ളിത്തിരുനാളിന് കൊടിയേറൂ. പള്ളിക്ക് സ്ഥലം സൗജന്യമായി നൽകിയതിന്റെ ഉപകാരസ്മരണയാണ് 171 വർഷമായുള്ള ഈ പതിവ്.
തിരുനാൾ ദിനം വൈകിട്ട് ലദീഞ്ഞിന് ശേഷം പള്ളിക്ക് മുന്നിലാണ് മതമൈത്രിയുടെ പ്രതീകമായ ചടങ്ങ്. തൊടുപുഴയിലെ പ്രമുഖ തറവാടായ മുണ്ടയ്ക്കൽ കുടുംബാംഗങ്ങളെ പള്ളിയിലേക്ക് ക്ഷണിക്കും. കോരു കുട്ടയിലും വട്ടക്കുട്ടയിലും അഞ്ചേകാൽ പറ അരിയും പ്രഥമനുൾപ്പെടെ സദ്യയൊരുക്കാനുള്ള മറ്റു കൂട്ടങ്ങളും നിറയ്ക്കും. പ്രാർത്ഥനയ്‌ക്ക് ശേഷം പള്ളി വികാരി വെഞ്ചരിച്ച് സാധനങ്ങൾ കുടുംബത്തിലെ കാരണവർക്ക് കൈമാറും.
1854ലാണ് തെനംകുന്ന് സെന്റ് മൈക്കിൾസ് ചർച്ച് സ്ഥാപിച്ചത്.
തിരുനാളിന് അഞ്ചുനാൾ മുമ്പ് പള്ളിവികാരിയും കൈക്കാരന്മാരും കമ്മിറ്റിക്കാരും ചടങ്ങിന് ക്ഷണിക്കാൻ മുണ്ടയ്ക്കൽ തറവാട്ടിലെത്തും. കുടുംബത്തിലുള്ളവർ സ്നേഹാദരവോടെ സ്വീകരിച്ച് ലഘുഭക്ഷണവും നൽകിയേ മടക്കാറുള്ളൂ. പള്ളിയിൽ നിന്നുള്ള സാധനങ്ങൾ മുണ്ടയ്ക്കലെത്തിച്ച് നിലവിളക്കിന് മുന്നിൽ പൂജിക്കും. ശേഷം ഓരോ പഴം കുടുംബാംഗങ്ങൾ കഴിക്കും.
സാധനങ്ങൾ ആവശ്യാനുസരണം പാചകത്തിനെടുക്കും. കാരണവരായ ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് 30 വർഷമായി പള്ളിയിലെത്തി സ്നേഹോപഹാരം ഏറ്റുവാങ്ങുന്നത്.
തൂശനിലയടക്കം 29 ഇനം സാധനം
അരി, പച്ചക്കറി, പലവ്യഞ്ജനം, പഴം, പാലട, ശർക്കര, വെറ്റില, പാക്ക്, പുകയില, തൂശനിലയടക്കം 29 ഇനം സാധനങ്ങളുണ്ടാവും. അഞ്ചേകാലും കോപ്പുമെന്നത് പഴയ കാലത്തെ പ്രയോഗമാണ്. മുൻകാലങ്ങളിൽ കാരണവന്മാർക്ക് വെറ്റില മുറുക്ക് ശീലമായിരുന്നു. അങ്ങനെയാണ് വെറ്റില, പാക്ക്, പുകയില എന്നിവ ഇടംപിടിച്ചത്.
'ഏറെ ഉത്സാഹത്തോടെയാണ് ഓരോ വർഷവും ചടങ്ങിൽ പങ്കെടുക്കുന്നത്. പള്ളിക്കാർ തരുന്നിടത്തോളം സ്വീകരിക്കും".
- ഗോപാലകൃഷ്ണൻ നായർ, മുണ്ടക്കൽ തറവാട്
'പരമ്പരാഗതമായ ഈ ചടങ്ങ് കീഴ്‌വഴക്കം ലംഘിക്കിക്കാതെ പള്ളിക്കമ്മിറ്റി മുന്നോട്ട് കൊണ്ടുപോകും".
- മാനേജിംഗ് ട്രസ്റ്റിമാർ, തെനംകുന്ന് സെന്റ് മൈക്കിൾസ് ചർച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |