നിലമ്പൂർ: ഒമ്പത് വർഷങ്ങൾക്ക് ശേഷം ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ പിടിച്ചെടുത്തിരിക്കുകയാണ് യു ഡി എഫ്. ഷൗക്കത്തിനെ സംബന്ധിച്ച് ഈ വിജയത്തിൽ സന്തോഷിക്കാൻ ഏറെ വകയുണ്ട്. മൂന്ന് പതിറ്റാണ്ടോളം പിതാവ് നയിച്ച മണ്ഡലത്തിലാണ് വിജയിച്ചുകയറിയിരിക്കുന്നത്.
അതുമാത്രമല്ല, ഷൗക്കത്തിനെ സംബന്ധിച്ച് ഇതൊരു ഉയർത്തെഴുന്നേൽപ്പുകൂടിയാണ്. 2016ൽ മത്സരിച്ചപ്പോൾ തോൽവി രുചിക്കേണ്ടിവന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന അൻവർ 11,707 വോട്ടുകൾക്കാണ് അന്ന് തോൽപിച്ചത്. അനുകൂല സാഹചര്യത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയായിരുന്നു ഷൗക്കത്ത് ജനവിധി തേടിയത്. അതിനാൽത്തന്നെ ഇത് പാർട്ടിക്കും ഷൗക്കത്തിനും അപ്രതീക്ഷിത തിരിച്ചടിയായി.
പിതാവിനൊപ്പം നിന്ന മണ്ഡലം തനിക്കൊപ്പം നിൽക്കാത്തതും ഷൗക്കത്തിനെ സംബന്ധിച്ച് വലിയ ആഘാതമായി. എന്നാൽ ഒൻപത് വർഷത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ എതിരാളികളിലൊരാളായി അൻവർ ഉണ്ടായിരുന്നത് ഒരു യാദൃശ്ചികതയാകാം. അതോടൊപ്പം തന്നെ ഇന്ന് ഷൗക്കത്ത് നേടിയത് 11,077 വോട്ടുകളുടെ ഭൂരിപക്ഷമാണെന്നതും ശ്രദ്ധേയമാണ്.
77737 വോട്ടിനാണ് ഷൗക്കത്ത് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് 66,660 വോട്ടും അൻവറിന് 19,760 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 8648 വോട്ടും ലഭിച്ചു. വിജയിച്ചതിന് പിന്നാലെ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിനെ ഓർത്ത് വിങ്ങിപ്പൊട്ടി. അതേസമയം, യു ഡി എഫ് കേന്ദ്രങ്ങളെല്ലാം ആഘോഷത്തിമിർപ്പിലാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ സൂചനയാണ് ഈ വോട്ടെടുപ്പ് ഫലമെന്നാണ് അവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |