കൊച്ചി: വൈപ്പിൻകര ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂൾ. എയ്ഡഡ് സ്കൂളാണെങ്കിലും നടത്തിപ്പിന് മാനേജ്മെന്റില്ല. അദ്ധ്യാപകർ തന്നെ ഉടമകൾ. അദ്ധ്യാപനത്തിനൊപ്പം സ്കൂൾ നടത്തിപ്പും ഇവരുടെ കൈയിൽ ഭദ്രം. സാമ്പത്തിക ബാദ്ധ്യതകാരണം മുമ്പ് സർക്കാർ കൈവിട്ടപ്പോൾ ഏറ്റെടുത്തതാണ്. ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ. ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളുമായി 600 വിദ്യാർത്ഥികൾ.
അതത് കാലത്തെ ഹെഡ്മാസ്റ്ററാണ് സ്കൂൾ മാനേജർ. ഇപ്പോൾ കെ.പി. ശിവപ്രസാദ്. 6 മുതൽ 8വരെ അദ്ധ്യാപക, അനദ്ധ്യാപക പ്രതിനിധികൾ ഉൾപ്പെടുന്ന ഭരണസമിതിയുമുണ്ട്. ഇവരാണ് സ്കൂൾ നടത്തിപ്പ് മുന്നോട്ടു കൊണ്ടുപോകുന്നത്. പത്ത് വർഷത്തിലേറെയായി എസ്.എസ്.എൽ.സിക്ക് തുടർച്ചയായി 100% വിജയം.
1907ൽ വൈപ്പിൻകരയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് വില്ലേജുകളിലെ വിവിധ സമുദായ സംഘടനകൾ ചേർന്ന് പണം പിരിച്ച് സ്ഥാപിച്ചതാണ് 'യൂണിയൻ സ്കൂൾ'. അന്ന് 300 രൂപയിലേറെ സംഭാവന ചെയ്ത സംഘടനകൾ ഭരണസമിതിയിലേക്ക് പ്രതിനിധികളെ നിർദ്ദേശിച്ചു. അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് ഒരു വർഷത്തേക്ക് സ്കൂൾ മാനേജരായി. 1907ഫെബ്രുവരി 28ന് കൊച്ചി മഹാരാജാവ് രാമവർമ്മയാണ് സ്കൂളിന് തറക്കല്ലിട്ടത്. പിന്നീട് രാജാവിന്റെ പേരുകൂടി ചേർത്ത് രാമവർമ്മ യൂണിയൻ ഹൈസ്കൂൾ എന്നാക്കി.
ഒരുഘട്ടത്തിൽ നടത്തിപ്പ് സർക്കാരിന് വിട്ടുകൊടുത്തെങ്കിലും സാമ്പത്തിക ബാദ്ധ്യത കാരണം കൈവിടുന്ന സ്ഥിതിയായപ്പോൾ പ്രഥമാദ്ധ്യാപകനും പിന്നീട് കൊച്ചി നിയമസഭയിൽ നോമിനേറ്റഡ് എം.എൽ.സിയുമായിരുന്ന കെ.എ.അച്യുതൻ 100 രൂപയ്‌ക്ക് സ്കൂൾ ഏറ്റെടുത്തു. അദ്ദേഹം വിരമിച്ചപ്പോൾ ഭരണച്ചുമതല മറ്റ് അദ്ധ്യാപകർക്ക് വിട്ടുനൽകി. 1946 മുതൽ അദ്ധ്യാപകരാണ് ഭരണം.
സഹോദരൻ അയ്യപ്പൻ
പഠിപ്പിച്ച സ്കൂൾ
കെ.പി.സി.സി പ്രസിഡന്റും ആന്ധ്ര ഗവർണറുമായിരുന്ന കെ.സി.എബ്രഹാം ദീർഘകാലം ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ മന്ത്രിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന സഹോദരൻ അയ്യപ്പനും ഇവിടെ പഠിപ്പിച്ചിരുന്നു.
''പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവും അച്ചടക്കവുമുള്ള വിദ്യാലയമെന്ന നിലയിൽ രാമവർമ്മ സ്കൂൾ ഈ നാടിന്റെ അഭിമാനമാണ്
- കെ.പി.ശിവപ്രസാദ്,
ഹെഡ്മാസ്റ്റർ ആൻഡ് മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |