പാലക്കാട്: സംസ്ഥാനത്തെ ജലാശയങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. കഴിഞ്ഞദിവസം കമ്പാലത്തറ ഏരിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചതാണ് ഒടുവിലത്തെ സംഭവം. പാലക്കാട് ജില്ലയിലെ ജലാശയങ്ങളിൽ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ നാൽപതിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജലാശയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചും ജലാശയങ്ങളെപ്പറ്റി അറിയാത്തവരുമാണ് അപകടങ്ങളിൽപ്പെടുന്നത്. ജില്ലയിലെ 10 അഗ്നിരക്ഷാസേനകൾക്ക് കീഴിൽവരുന്ന ജലാശയങ്ങളിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിൽ വനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കീഴിലുള്ള ജലാശയങ്ങളും ഉൾപ്പെടും.
കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയുള്ള സമയങ്ങളിലും നിർദ്ദേശങ്ങൾ ലംഘിച്ച് കുളിക്കാനും മറ്റുമായി ഇറങ്ങുന്നവരാണ് മരണത്തിന് കീഴ്‌പ്പെടുന്നത്. മണ്ണാർക്കാട് ഫയർസ്റ്റേഷന് കീഴിൽ പതിനൊന്നും കഞ്ചക്കോട്, പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട് ഫയർ സ്റ്റേഷനുകൾക്ക് കീഴിൽ യഥാക്രമം ഏഴ്, ആറ്, നാല്, മൂന്ന് പേരുമാണ് മുങ്ങി മരിച്ചത്. കോങ്ങാട് പട്ടാമ്പി ഫയർ സ്റ്റേഷനുകൾക്ക് കീഴിൽ രണ്ടുപേരും വടക്കഞ്ചേരി സ്റ്റേഷനു കീഴിൽ ഒരാളുമാണ് കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം മുങ്ങിമരിച്ചത്.
വലിയ അണക്കെട്ടുകൾക്ക് പുറമേ പുഴകളിലും കനാലുകളിലും കുളങ്ങളിലും മുങ്ങി മരണം ഏറിവരികയാണ്. ജനുവരി-മേയ് മാസങ്ങളിലായി മലമ്പുഴ അണക്കെട്ടിൽ മാത്രം മൂന്നുപേരാണ് മുങ്ങിമരിച്ചത്. കഴിഞ്ഞമാസം 15 നാണ് മലമ്പുഴ അണക്കെട്ടിൽ പാലക്കാട് പുതുപ്പള്ളിതെരുവ് സ്വദേശികളായ രണ്ടു സഹോദരങ്ങൾ മുങ്ങി മരിച്ചത്.
അണക്കെട്ടുകളിലെയും പുഴകളിലെയും അപകട സാധ്യതകളുള്ള പ്രദേശങ്ങളെ പറ്റിയും ചുഴികളെ പറ്റിയും പ്രദേശവാസികൾക്ക് മാത്രമാണ് അറിവുള്ളതെന്നിരിക്കെ ഇതറിയാത്തവരാണ് പലരും അപകടത്തിൽപ്പെടുന്നത്. കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയുള്ള സമയങ്ങളിൽ ജലാശയങ്ങളിലും നീരൊഴുക്കിന് ശക്തയേറുമെന്നിരിക്കെ ഇത്തരം സാഹചര്യങ്ങളിൽ ജലാശയങ്ങളിൽ ഇറങ്ങുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ വർദ്ധിക്കുമെന്നതിൽ സംശയമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |