കാസർകോട്: കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ പെരിയ എസ്റ്റേറ്റിലെ ഗോഡൗണിൽ നിർവ്വീര്യമാക്കാതെ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനി ചെറിയ ബാരലുകളിലേക്ക് മാറ്റിത്തുടങ്ങി. ചെന്നൈയിലേക്ക് കൊണ്ടുപോയി നിർവീര്യമാക്കുന്നതിന് മുന്നോടിയായാണ് ബാരൽ മാറ്റലെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിഷേധം ഭയന്ന് അതീവരഹസ്യമായാണ് ഉദ്യോഗസ്ഥരുടെയും പ്ളാന്റേഷൻ ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ ബാരൽമാറ്റൽ നടന്നത്. ഗോഡൗണിന്റെ ഗേറ്റിന് പുറത്ത് പൊലീസിനെയും നിയോഗിച്ചിരുന്നു.
കീടനാശിനി മാറ്റുന്നതറിഞ്ഞ് പുറത്തുനിന്നും എത്തിയവരെ ഗോഡൗണിന്റെ ഗേറ്റിൽ തടഞ്ഞു. പഴയ ഇരുമ്പ് ബാരലുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ 2012 ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. അതിൽ നിന്നാണ് ഇപ്പോൾ ചെറിയ ബാരലുകളിലേക്ക് മാറ്റുന്നത്.നേരത്തെ പ്ലാന്റേഷൻ കോർപ്പറേഷന്റെ മണ്ണാർക്കാട് എസ്റ്റേറ്റിൽ ഉണ്ടായിരുന്ന എൻഡോസൾഫാൻ ചെറിയ വീപ്പകളിലേക്ക് മാറ്റിയിരുന്നു. സമാനമായ നീക്കമാണ് പെരിയയിലും നടത്തുന്നത്.
പിന്നിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടൽ
ദേശീയ ഹരിത ട്രിബ്യുണലിന്റെ ( എൻ.ജി.ടി ) ഇടപെടലിനെ തുടർന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ബാരൽ മാറ്റുന്ന ജോലികൾ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ചെന്നൈയിൽ വച്ച് ഇവ നിർവീര്യമാക്കുമെന്നും അധികൃതർ പറഞ്ഞു.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര ഇൻ സെക്റ്റിസൈഡ് ബോർഡ് ഉദ്യോഗസ്ഥരും ഉൾപ്പെടെ മൂന്ന് ദിവസത്തെ ദൗത്യമാണ് ആസൂത്രണം ചെയ്തത്. പൂർണ്ണമായും മാറ്റിയ ശേഷം ടെൻഡർ ക്ഷണിച്ചായിരിക്കും നിർവ്വീര്യമാക്കൽ പ്രവൃത്തി നടത്തുന്നത്.
ശേഷിക്കുന്നത് 1150 ലിറ്റർ എൻഡോസൾഫാൻ
പെരിയ, രാജപുരം എസ്റ്റേറ്റുകളിൽ 1150 ലിറ്ററും ചീമേനി എസ്റ്റേറ്റിൽ കട്ടപിടിച്ച 10 കിലോയും എൻഡോസൾഫാൻ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. കശുമാവിന് ഭീഷണിയായ തേയിലക്കൊതുകിനെ തുരത്താൻ 1985 മുതലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ എൻഡോസൾഫാൻ ഉപയോഗിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു എന്ന് കണ്ടെത്തിയതോടെ 2000ത്തിൽ എൻഡോസൾഫാൻ നിരോധിച്ചു. ഇതോടെയാണ് പി.സി.കെ ഗോഡൗണുകളിൽ കീടനാശിനി കെട്ടികിടക്കാൻ തുടങ്ങിയത്. നേരത്തെ ഇത് നിർവീര്യമാക്കാൻ ഡിഫൻസ് റിസർച്ച് ആൻറ് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സാങ്കേതിക സഹായത്തോടെ ശ്രമിച്ചെങ്കിലും എതിർപ്പുകളെ തുടർന്ന് നടന്നില്ല. ജില്ലക്ക് പുറത്ത് കൊണ്ടുപോയി നിർവ്വീര്യമാക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |