കൊച്ചി: പ്രായപൂർത്തിയാകാത്തവരുൾപ്പെടെ മൂന്നംഗസംഘം എറണാകുളം നഗരത്തിൽ മത്സ്യക്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി കവർന്നത് 10800 രൂപ. കവർച്ചയ്ക്ക് നേതൃത്വം നൽകിയ കൊല്ലം മൈനാഗപ്പള്ളി സ്വദേശി നൗഫലിനെ (22) സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂർ അഴീക്കോട് കപ്പൽബസാർ ഇളയിടത്തുവീട്ടിൽ അബ്ദുൾസലീമിനെയാണ് (52) തിരക്കേറിയ പെന്റാമേനക ജംഗ്ഷനിൽ നിരവധിപേർ നോക്കിനിൽക്കെ നൗഫലിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി പണംകവർന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം.
പൊലീസ് പറയുന്നത്: ഡിസ്‌പ്ലേ കേടായ ഫോണുമായി പെന്റാമേനകയിലെത്തിയ അബ്ദുൾസലാം സമീപത്തെ ബാറിന് മുന്നിലെ നടപ്പാതയിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങാൻ പണമെടുക്കുന്നത് നൗഫലിന്റെയും സംഘത്തിന്റെയും ശ്രദ്ധയിൽപ്പെട്ടു. മൂന്നുപേരും സലാമിനെ സമീപിച്ച് തങ്ങൾ നഗരത്തിലെ ഗുണ്ടകളാണെന്നും അടുത്തിടെയാണ് ജയിലിൽനിന്നിറങ്ങിയതെന്നും പറഞ്ഞു. തുടർന്ന് തോളിൽ കൈയിട്ട് ബലംപ്രയോഗിച്ച് എ.ടി.എം കിയോസ്കിനടുത്ത് കൊണ്ടുപോയി പോക്കറ്റിൽനിന്ന് 3500 രൂപ കൈക്കലാക്കി. ശബ്ദമുണ്ടാക്കിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയുടെ എ.ടി.എം കാർഡും പിൻനമ്പരും വാങ്ങി 7300 രൂപ പിൻവലിച്ചു. തുടർന്ന് കാർഡ് തിരികെ നൽകി സ്ഥലംവിടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവറുടെ സഹായത്തോടെ അബ്ദുൾസലിം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പെന്റാമേനക ഭാഗത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ചു. നൗഫലും സംഘവും സമീപത്തെ ബാറിൽ മദ്യപിച്ചശേഷം ഗൂഗിൾ പേ ചെയ്ത ഫോൺനമ്പർ തിരിച്ചറിഞ്ഞാണ് നഗരത്തിലെ ഒരു ലോഡ‌്ജിൽനിന്ന് മൂവരെയും പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഉദയംപേരൂർ സ്വദേശികളെ രക്ഷിതാക്കൾക്കൊപ്പം അയച്ചു. നൗഫലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |