തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി വായ്പ ലഭിക്കില്ല. വായ്പനൽകുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയിൽനിന്നും തിരിച്ചടവ് ഉറപ്പാക്കുന്ന വ്യവസ്ഥ കെ.എസ്.ആർ.ടി.സി നീക്കംചെയ്തതോടെയാണിത്. ഇതോടെ ജീവനക്കാർ വായ്പത്തിരിച്ചടവ് മുടക്കിയാൽ കെ.എസ്.ആർ.ടി.സിയെ സമീപിക്കാനാവില്ല. മാനേജ്‌മെന്റ് തുക ഈടാക്കി കൈമാറില്ല.
മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ജീവനക്കാരെ ഈ അവസ്ഥയിലെത്തിച്ചത്. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകാതെ കെ.എസ്.ആർ.ടി.സി വകമാറ്റി ചെലവിട്ടതാണ് ഇതിനിടയാക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർക്കെതിരേ ധനകാര്യസ്ഥാപനങ്ങൾ നിയമനടപടികൾ ആരംഭിച്ചു.
കെ.എസ്.ആർ.ടിസിയാണ് തുക കൈമാറാത്തതെന്ന് വ്യക്തമായതോടെ സഹകരണബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് റിക്കവറി ചുമതലയിൽനിന്ന് കോടതി കെ.എസ്.ആർ.ടി.സിയെ വിലക്കി. ഇതേത്തുടർന്നാണ് ശമ്പള സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തിയത്.
പി.എഫിൽ നിന്നുൾപ്പെടെ വായ്പയെടുക്കാൻ കർശനനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വായ്പയ്ക്കുള്ള വഴിയും അടയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |