വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ഞക്കുനിലത്ത് തെരുവുനായശല്യം വീണ്ടും രൂക്ഷമാകുന്നു. ദീപാ ജംഗ്ഷനിൽ നിന്ന് ഞക്കുനിലത്തേക്കുള്ള റോഡിലാണ് നായകളുടെ താവളം. വളർത്തുനായകളെ ഉപേക്ഷിക്കുന്നതും ഇവിടെയാണ്. അധികൃതർ വന്ധീകരിച്ച നായകളെയും ഇവിടെ കൂട്ടത്തോടെ തുറന്നുവിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പരാതി പറഞ്ഞ് മടുത്തെങ്കിലും യാതൊരുനടപടിയും ഉണ്ടായിട്ടില്ല.
എപ്പോൾ വേണമെങ്കിലും ചാടി വീഴാവുന്ന നായകളെ ഭയന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുച്ചാടുന്ന നായകൾ അപകടങ്ങൾക്കും വഴിയൊരുക്കുന്നു. കുട്ടികൾക്ക് ഉൾപ്പടെ നിരവധിപേർക്ക് അടുത്തിടെ നായകളുടെ ആക്രമണങ്ങളിൽ പരിക്കേറ്റു. മുതിർന്നവരുടെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടികളുടെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്ര.
കല്ലും വടിയുമൊക്കെയാണ് നാട്ടുകാരുടെ പ്രധാന പ്രതിരോധ മാർഗങ്ങൾ. മുമ്പ് അലഞ്ഞു നടക്കുന്ന നായകളെ പിടികൂടി വന്ധീകരണം ഉൾപ്പടെ നടത്തിയിരുന്നെങ്കിലും ഇപ്പോഴില്ല. നായകളെ പാർപ്പിക്കാൻ ഷെൽറ്ററുകൾ പണിയുന്ന കാര്യവും പഞ്ചായത്ത് പരിഗണിച്ചിരുന്നെങ്കിലും നടപടിയായില്ല.
വളർത്ത് മൃഗങ്ങൾക്കും ഭീഷണി
നായകൾ പ്രദേശവാസികളുടെ വളർത്ത് ജീവികൾക്കും ഭീഷണിയായിട്ടുണ്ട്.
പറമ്പിൽ കെട്ടിയിരുന്ന ആട്ടിൻ കുട്ടികളെ അടുത്തിടെ ആക്രമിച്ചിരുന്നു. കോഴി, താറാവ് തുടങ്ങിയവയെ ഇവ ഭക്ഷണമാക്കുന്നുണ്ട്. പശു, ആട്, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളെ ഇപ്പോൾ മേയാൻ വിടാനും കർഷകർക്ക് ഭയമാണ്.
തെരുവുനായകളെ ഉൻമൂലം ചെയ്യാൻ ഗ്രാമപഞ്ചായത്തും
മൃഗസംരക്ഷണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |