കോഴിക്കോട് : കേന്ദ്ര നിർദ്ദേശം വന്ന് വർഷം ഒൻപതായിട്ടും കേരളത്തിലെ സർക്കാർ ഐ.ടി.ഐകളിൽ പ്ലസ് ടു കോഴ്സുകൾ തുടങ്ങുന്ന കാര്യത്തിൽ മെല്ലെപ്പോക്ക്.
കേരളത്തിലെ 108 സർക്കാർ ഐ.ടി.ഐ കളിൽ പകുതിയെണ്ണത്തിലെങ്കിലും പദ്ധതി നടപ്പാക്കിയാൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുണപ്രദമാവും.
രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സിൽ അതത് ട്രേഡ് അനുസരിച്ച് നാല് പ്രധാന വിഷയങ്ങളാണ് പഠിക്കുന്നത്. ഓപ്പൺ സ്കൂൾ സിലബസിലെ ഏതെങ്കിലും ഭാഷാ വിഷയം കൂടി പഠിച്ചാൽ പ്ലസ് ടു സർട്ടിഫിക്കറ്റ് നൽകുന്നതാണ് പദ്ധതി. ഇതിനായി ഡയറക്ടറേറ്റ് ജനറൽ ഒഫ് ട്രെയിനിംഗും (ഡി.ജി.ടി) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിംഗും (എൻ.ഐ.ഒ.എസ്) തമ്മിൽ 2016ൽ ധാരണാപത്രത്തിൽ ഒപ്പു വച്ചിരുന്നു. കേരളത്തിൽ എല്ലാ ജില്ലയിലും ഒരു സ്ഥാപനമെങ്കിലും എൻ.ഐ.ഒ.എസിന് കീഴിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഭാഷാ വിഷയം പഠിപ്പിക്കാനുള്ള അദ്ധ്യാപകരെ സ്ഥാപനം കണ്ടെത്തി വിവരങ്ങൾ എൻ.ഐ.ഒ.എസിന് സമർപ്പിച്ചാലേ കോഴ്സിന് അക്രഡിറ്റേഷൻ ലഭിക്കൂ.
കോഴ്സ് നടപ്പാക്കിയാൽ ഐ.ടി.ഐ പരീക്ഷയോടൊപ്പം ഭാഷാ വിഷയത്തിലും പ്ലസ് ടു യോഗ്യത സ്വന്തമാക്കാം. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ പദ്ധതി വിജയകരമായി നടപ്പാക്കുന്നു. പാറശാലയിലെ സ്വകാര്യ ഐ.ടി.ഐയാണ് കേരളത്തിൽ പ്ലസ് ടു കോഴ്സ് ആദ്യമായി ആരംഭിച്ചത്. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ കോഴ്സ് നടത്താനുള്ള തയ്യാറെടുപ്പിലുമാണ്. 250 സ്വകാര്യ ഐ.ടി.ഐ കളാണ് സംസ്ഥാനത്തുള്ളത്.
'' കോഴ്സ് നടപ്പാക്കാൻ എൻ.ഐ.ഒ.എസ് സന്നദ്ധരാണ്. പ്ലസ് ടുവിൽ പരാജയപ്പെട്ടവരാണ് ഐ.ടി.ഐയിലെത്തുന്ന ഭൂരിപക്ഷവും. ഐ.ടി.ഐയിലെ രണ്ട് വർഷത്തെ കോഴ്സ് പ്ലസ് ടുവിന് തുല്യമാക്കിയാൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാവും.
- ആന്റണി ജോസഫ്,
ജനറൽ സെക്രട്ടറി,
ഐ.ടി.ഡി.ഐ.ഒ
'കോഴ്സ് നടപ്പാക്കാൻ ഭാഷാ അദ്ധ്യാപകരെ കണ്ടെത്തി അക്രഡിറ്റേഷൻ നേടണം. സ്വകാര്യ സ്ഥാപനങ്ങൾ കോഴ്സ് നടത്താൻ എൻ.ഐ.ഒ.എസിന് ഫീസ് നൽകണം. സർക്കാർ സ്ഥാപനങ്ങൾക്ക് ഫീസ് ആവശ്യമില്ല.
- ജസ്റ്റിൻ രാജ്,
റിട്ട. ജോയിന്റ് ഡയറക്ടർ
ഇൻഡസ്ട്രിയൽ ട്രെയിനിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |