കോഴിക്കോട്: പരിശോധന പൂർത്തിയായിട്ടും തീയും പുകയും ഭീതി പടർത്തിയ മെഡി.കോളേജിലെ പി.എം.എസ്.എസ്.വെെ കെട്ടിടത്തിന്റെ അറ്റകുറ്റപണി നീളുന്നത് രോഗികൾക്ക് ദുരിതമാവുന്നു. തീപടർന്നതോടെ പി.എം.എസ്.എസ്.വെെ കെട്ടിടത്തിൽ നിന്ന് മാറ്റിയ രോഗികളുൾപ്പെടെ ഉൾക്കൊള്ളാവുന്നതിന്റെ രണ്ടിരട്ടിപ്പേരാണ് ഓരോ വാർഡുകളിലുമുള്ളത്. തീപിടിച്ച കെട്ടിടം അടച്ചിട്ടിട്ട് ഒന്നര മാസം പിന്നിട്ടിട്ടും കെട്ടിടത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ 50 ശതമാനം പോലുമായിട്ടില്ല. വയറിംഗ് അടക്കമുള്ള സങ്കേതിക തകരാറുകൾ പരിഹരിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റേയും ആരോഗ്യമന്ത്രിയുടേയും അനുമതി ലഭിച്ചാൽ മാത്രമേ പ്രവർ ത്തനം പുനരാരംഭിക്കാനാവൂ. എന്നാൽ അത്യാഹിത വിഭാഗം അറ്റകുറ്റപ്പണി നടത്തുന്നതിൽ നിർമാണ കമ്പനിയായ എച്ച്.എൽ.എല്ലി. ഇൻ ഇൻഫ്രാസ്ട്രെക്‌ചറർ വിഭാഗമായ ഹൈറ്റ്സിന് ഒച്ചിഴയും വേഗതയാണ്. അതേസമയം കെട്ടിടത്തിലെ തീ പടർന്ന എം.ആർ.ഐ യൂണിറ്റിന്റെ യു.പി.എസ് ബാറ്ററികളെല്ലാം മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ഡോറുകൾ മാറ്റുന്നതടക്കമുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മറ്റ് നിലകളിലുള്ള യു.പി.എസ് ബാറ്ററികൾ മാറ്റുന്ന പ്രവൃത്തിയും അന്തിഘട്ടത്തിലാണ്. ഓരോ നിലയിലെയും വയറിംഗുമായുള്ള പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. രണ്ടാമത് തീപടർന്ന ആറാം നിലയിലെ ഓപ്പറേഷൻ സമുച്ഛയത്തിലെ 15ാം നമ്പർ മുറിയിലെ ഉപകരണങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല. ഉപകരണങ്ങളെത്താൻ സമയമെടുക്കുന്നതിനാൽ അടച്ചിട്ടിച്ചിട്ടിരിക്കുകയാണ്. മേയ് രണ്ടിനായിരുന്നു കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് മുറിയിൽ തീയും പുകയും പടർന്നത്. പിന്നാലെ
മേയ് ആറിന് വീണ്ടും കെട്ടിടത്തിലെ ആറാം നിലയിലെ ഓപറേഷൻ തിയറ്ററിലും തീപിടിത്തമുണ്ടായി.
പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി (പി.എം.എസ്.എസ്.വൈ) പ്രകാരം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ 195 കോടി ചെലവിട്ടാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് നിർമ്മിച്ചത്.
രോഗികൾ കൂടുന്നു,
പനി ക്ളിനിക് ആരംഭിച്ചില്ല
പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടിയതോടെ രോഗികളുടെ എണ്ണവും കൂടി. എന്നാൽ ഇത്രയധികം രോഗികളെ പ്രവേശിപ്പിക്കാനുള്ള സ്ഥലം ആശുപത്രിയിലില്ല. പനി രോഗികൾ അടക്കം മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ പായ വിരിച്ചാണ് കിടക്കുന്നത്. മെഡിസിൻ വാർഡുകളിൽ ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1, മസ്തിഷ്‌കജ്വരം, ന്യുമോണിയ, മഞ്ഞപ്പിത്തം, വയറ്റിളക്കം തുടങ്ങിയവ ബാധിച്ചെത്തുന്നവരാണുള്ളത്. രോഗികൾ കൂടിയിട്ടും സ്ഥലമില്ലാത്തതിനാൽ ആശുപത്രിയിൽ ഇതുവരെ പനി ക്ലിനിക്ക് ആരംഭിച്ചിട്ടില്ല. നേരത്തേ പഴയ അത്യാഹിതവിഭാഗമാണ് പനി വാർഡാക്കി മാറ്റാറുള്ളത്. എന്നാൽ തീപിടിത്തത്തെ തുടർന്ന് പി.എം.എസ്.എസ്.വെെ കെട്ടിടത്തിലെ കാഷ്വാലിറ്റി ഇവിടേക്ക് മാറ്റിയതിനാൽ പനി ക്ലിനികിന് മറ്റൊരിടം കണ്ടെത്തേണ്ടി വരും. മാത്രമല്ല പി.എം.എസ്.എസ്.വെെ കെട്ടിടത്തിലെ മറ്റ് വിഭാഗങ്ങളും എം.സി.എച്ചിവെ വിവിധ വാർഡുകളിൽ തിങ്ങിക്കഴിയുകയാണ്. ഇ.എൻ.ടി, സർജറി വാർഡുകളിലാണ് പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തിക്കുന്നത്.
'കെട്ടിടത്തിന്റെ അറ്റുകുറ്റപണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഹൈറ്റ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിമിതികളിൽ നിന്ന് കൊണ്ട് ആശുപത്രിയിലെത്തുന്ന രോഗികൾക്കെല്ലാം ചികിത്സ ലഭ്യമാകുന്നുണ്ട്. ചെറിയ പനിയുള്ളവർ സമീപത്തെ താലൂക്ക് ആശുപത്രികളിലോ പി.എച്ച്.സികളിലോ ചികിത്സ തേടണം. ''- ഡോ. കെ.ജി സജീത്ത് കുമാർ-
മെഡി.കോളേജ് പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |