കോഴിക്കോട്: ഇടവിട്ട് പെയ്യുന്ന മഴ തുടരുമ്പോൾ പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പിടിപെടുന്നവരുടെ എണ്ണം കൂടുന്നു. അടുത്ത ദിവസങ്ങളിലായി ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ശക്തമായ മഴയിൽ പലയിടത്തും കുടിവെള്ള സ്രോതസുകൾ മലിനമായിട്ടുണ്ട്. രോഗം പടരാൻ ഇതും കാരണമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കാവിലുംപാറ, കിഴക്കോത്ത് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാവിലുംപാറയിലെ കുണ്ടുതോട്, മരുതോങ്കര, വാണിമേൽ, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. മൊയിലോത്ത് നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. ഭക്ഷണത്തിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നും സംശയിക്കുന്നു. മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലും നിരവധി പേർക്ക് രോഗബാധയുണ്ടായി. കിഴക്കോത്ത് പന്നൂർ പ്രദേശത്ത് കുന്നോത്തുവയൽ കുടിവെള്ള പദ്ധതി ഗുണഭോക്താക്കൾക്കും രോഗം പിടിപെട്ടു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ജാഗ്രത പാലിക്കണം.
മരണസംഖ്യ ഉയരുന്നു
ഒന്നരവർഷമായി ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് രോഗം വ്യാപിക്കുന്നത്. മലിനജലം ഉപയോഗിക്കരുത്. തിളിപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ. രോഗലക്ഷണമുള്ളവർ എത്രയും വേഗം ആശുപത്രിയിലെത്തണം.
മഞ്ഞപ്പിത്തം: ലക്ഷണങ്ങൾ
ശരീരവേദനയോടുകൂടിയ പനി
തലവേദന
ക്ഷീണം
ഓക്കാനം
ഛർദി
മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം. രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടു മുതൽ ആറ് ആഴ്ചയെടുക്കും.
മഞ്ഞപ്പിത്ത ബാധിതർ
കിഴക്കോത്ത് .... 90
കുണ്ടുതോട്, മരുതോങ്കര.... 60
വാണിമേൽ..... 15
പനി ബാധിതർ: ഈ മാസം
തീയതി, ചികിത്സക്കെത്തിയവർ, ഡെങ്കിപ്പനി സംശയിക്കുന്നവർ
23.... 19.... 23
21.... 615....36
20....797.... 25
19....400.... 01
18.... 867....16
17.... 996.... 35
16.... 670....21
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |