മാഹി: 'എ.കെ. ജിയെ കൈയിൽ കിട്ടിയിട്ടുണ്ട്. തടവിലാക്കട്ടെ'-മാഹിയിൽ നിന്നുള്ള വയർലെസ് സന്ദേശത്തിന് മറുതലയ്ക്കലുണ്ടായിരുന്ന പുതുച്ചേരി ആഭ്യന്തര വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ മറുപടി പക്ഷെ വിവരമറിയിച്ച മയ്യഴി അഡ്മിനിസ്‌ട്രേറ്റർ ജോസഫ് ബാസിൽ പ്രതീക്ഷിച്ച പോലെയായിരുന്നില്ല. വലിയ അഭിനന്ദനം പ്രതീക്ഷിച്ച അഡ്മിനിസ്ട്രേറ്ററോട് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞത് എങ്ങനെയെങ്കിലും അതിർത്തി കടത്തിവിടുക എന്നായിരുന്നു.
രാജ്യത്ത് പ്രതിപക്ഷ ശബ്ദത്തെ ചവിട്ടിഞെരിച്ച അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികം കടന്നുപോകുമ്പോൾ മയ്യഴിയുടെ ഓർമ്മയിൽ ഇങ്ങനെ ചിലതുകൂടിയുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷനേതാക്കളെല്ലാം തുറുങ്കിലകപ്പെട്ട കാലമായിരുന്നു അത്. എന്നാൽ പ്രതിപക്ഷനിരയിലെ പ്രമുഖ നേതാവായ എ.കെ.ജിയെ മാത്രം അറസ്റ്റ് ചെയ്തിരുന്നില്ല. ഓർക്കാപ്പുറത്ത് ഗവ.ഹൗസിലേക്കുള്ള എ.കെ.ജിയുടെ വരവ് കണ്ട അഡ്മിനിസ്ട്രേറ്റർക്ക് അറസ്റ്റ് വഴി തനിക്ക് കിട്ടുമായിരുന്ന ക്രെഡിറ്റിലായിരുന്നു കണ്ണ്.
എ.കെ.ജി.യെ അറസ്റ്റ് ചെയ്താൽ രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന നേതാവിന് പോലും രാജ്യത്ത് രക്ഷയില്ലെന്ന വിമർശനമുണ്ടാകുമെന്നും മനസ്സിലാക്കിയാണ് പുതുച്ചേരി ഭരണകൂടം ആ അറസ്റ്റിന് അന്ന് സമ്മതം മൂളാതിരുന്നത്. മാഹിയിലെ പാർട്ടി ഓഫീസുകൾ സീൽ ചെയ്യപ്പെടുകയുംനേതാക്കളെ തുറുങ്കിലടക്കുകയും ചെയ്തിട്ടുണ്ടെന്ന വിവരമറിഞ്ഞാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ എ.കെ.ജി മാഹി ഗവ.ഹൗസിലെത്തിയിരുന്നത്.
'രാജ്യത്ത് സി.പി.എം. നിരോധിക്കപ്പെട്ടിട്ടില്ല. പിന്നെന്തിനാണ് മാഹിയിലെ സി.പി.എം ഓഫീസ് പൂട്ടി സീൽ ചെയ്യുകയും നേതാക്കളെ കാരണമില്ലാതെ തുറുങ്കിലടക്കുകയും ചെയ്യുന്നത്. അവരെ ഉടൻ വിട്ടയക്കണം. അല്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കും- എ.കെ.ജിയുടെ ഇടിമുഴക്കം പോലുള്ള ശബ്ദത്തിന് പൊലീസ് ഉദ്യോഗസ്ഥർക്ക് മറുപടി ഉണ്ടായിരുന്നില്ല. മാഹിയിലെ ടി. ഫൽഗുനൻ, മുക്കത്ത് ജയൻ തുടങ്ങിയവരെയാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ചിരുന്നത്. എ.കെ.ജിയുടെ ഭീഷണിയ്ക്കൊടുവിൽ പുതുച്ചേരിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം പാർട്ടി ഓഫീസ് തുറക്കപ്പെട്ടു. നേതാക്കൾ ജയിൽ മോചിതരായി.
ദേശീയ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മാഹിയിൽ സി.പി.എം പള്ളൂരിലെ പിലാവുള്ളതിൽ നാണുവിന്റെ നേതൃത്വത്തിൽ ഉശിരൻ പ്രകടനം നടത്തി. പൊലീസ് സ്റ്റേഷന് മുന്നിൽ സി.ഐ.അബൂബക്കറിന്റെ നേതൃത്വത്തിൽ തമിഴ് നാട്ടുകാരായ ആംഡ് പൊലീസുകാർ പ്രകടനക്കാരെ ലാത്തികൊണ്ട് അടിച്ചു. സമരക്കാരിൽ ചിലർ പുഴയിലേക്ക് ചാടി. ജാഥ നയിച്ച പി.നാണു തലക്കടിയേറ്റ് നടുറോഡിൽ വീണു. ശരീരമാസകലം നീരുവന്ന് കണ്ണുകൾ തുറക്കാൻ കഴിയാത്ത വിധം ചീർത്ത നാണുവിനെ മൂന്നാംദിവസം കൈകാലുകൾ ചങ്ങലക്കിട്ട് മാഹി ഗവ.ജനറൽ ആശുപത്രിയിൽ കട്ടിലിൽ കെട്ടിയായിരുന്നു ചികിത്സ നൽകിയത്.അതും സായുധപൊലീസിന്റെ കാവലിൽ.
അടിയന്തരാവസ്ഥയുടെ അവസാന നാളുകളിൽ മാഹി സ്പിന്നിംഗ് മില്ലിന് മുന്നിലെ സി.ഐ.ടി.യു. ഓഫീസ് ഉദ്ഘാടന ചടങ്ങിനാണ് എ.കെ.ജിയുടെ അവസാന മയ്യഴി സന്ദർശനം.കടുത്ത രോഗാവസ്ഥയിൽ ഭാര്യ സുശീലക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. അവശത മൂലം കെട്ടിടത്തിന് മുകളിൽ കയറാതെ താഴെ വച്ചായിരുന്നു ഉദ്ഘാടനചടങ്ങ്. സുശീലയുടെ തോളിൽ പിടിച്ച് എഴുന്നേറ്റ് നിന്ന് നടത്തിയ ആ പ്രസംഗമാണ് എ.കെ.ജിയുടെ ഏറ്റവും പ്രശസ്തമായ പ്രസംഗവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |