കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും പുറത്തും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയവർ പഴയകാല അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇന്ന് ഒത്തുചേരും.
മുതിർന്ന സി.പി.എം നേതാവ് കെ.എൻ. രവീന്ദ്രനാഥിന്റെ ഇടപ്പള്ളിയിലെ വസതിയിൽ ഇന്ന് രാവിലെ 10.30മുതൽ നടക്കുന്ന സംഗമത്തിൽ അടിയന്തരാവസ്ഥക്കാലത്തെ സഹതടവുകാരായിരുന്ന തമ്പാൻ തോമസ്, കെ.എം. സുധാകരൻ, എബ്രഹാം മാനുവൽ, എം.കെ. കണ്ണൻ, കെ.എ. അലി അക്ബർ, എം.ടി. കുര്യൻ, കെ.പി. ജോബ്, ജോൺ ജോസഫ് എന്നിവർ പങ്കെടുക്കും. പ്രൊഫ. എം.കെ. സാനു കൂട്ടായ്മയിൽ അതിഥിയാകും. തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻഡ് ലേബർ എംപവർമെന്റ് ആണ് സംഘാടകർ.
അടിയന്തരാവസ്ഥയിൽ സർക്കാരിന്റെ മുഖ്യശത്രുക്കളായി മുദ്രകുത്തപ്പെട്ട അർ.എസ്.എസ്, ജനസംഘം (ബി.ജെ.പി) നേതാക്കളും അവരുടെ പിൻഗാമികളും ഇന്ന് വൈകിട്ട് നഗരത്തിൽ കൂട്ടയോട്ടവും പുസ്തകപ്രകാശനവും നടത്തും. വൈകിട്ട് 5ന് മറൈൻഡ്രൈവിൽ നിന്ന് രാജേന്ദ്രമൈതാനം വരെയാണ് കൂട്ടയോട്ടം. തുടർന്ന്, ഇ.എൻ. നന്ദകുമാർ എഴുതിയ 'അടിയന്തരാവസ്ഥ രണ്ടാം സ്വാതന്ത്ര്യസമരം' എന്ന പുസ്തകം അഡ്വ. കെ. രാംകുമാർ പ്രകാശനം ചെയ്യും. കേരള ഹൈക്കോടതിയിലെ കേന്ദ്രസർക്കാർ സ്റ്റാന്റിംഗ് കൗൺസൽ അഡ്വ.ഒ.എം. ശാലീന പുസ്തകം ഏറ്റുവാങ്ങും. അടിയന്തരാവസ്ഥക്കാലത്ത് 18വയസുണ്ടായിരുന്ന നന്ദകുമാറും കൊടിയ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |