ന്യൂഡൽഹി: ശിവഗിരിയിൽ ഗുരുദേവനും ഗാന്ധിജിയും നടത്തിയ കൂടിക്കാഴ്ച വികസിത ഇന്ത്യയുടെ ലക്ഷ്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും ഊർജ്ജം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുരു-ഗാന്ധിജി കൂടിക്കാഴ്‌ചയുടെ ശതാബ്‌ദി ആഘോഷം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മലയാളി, സഹോദരി, സഹോദരൻമാർക്ക് എന്റെ നമസ്‌കാരം'എന്ന് മലയാളത്തിൽ ആശംസ നേർന്നുകൊണ്ടായിരുന്നു മോദിയുടെ തുടക്കം.സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിന് മൂർത്തമായ അർത്ഥം നൽകിയ ചരിത്ര സംഭവമാണ് ഗുരു-ഗാന്ധിജി കൂടിക്കാഴ്‌ച. ഗുരുവിന്റെ ആദർശങ്ങൾ മനുഷ്യരാശിക്കാകെ വലിയ സമ്പത്താണ്. 100 വർഷങ്ങൾക്ക് മുമ്പ് വെല്ലുവിളികളെ മറി കടന്നാണ് ഗുരു സാമൂഹിക തിന്മകളെ എതിർത്തത്.
വർക്കല
തെക്കൻ കാശി
വർക്കല തെക്കൻ കാശിയെന്നാണ് അറിയപ്പെടുന്നത്. വടക്കോ തെക്കോ ആകട്ടെ, എല്ലാ കാശിയും തന്റേതാണ്. ശിവഗിരി മഠവുമായി തനിക്ക് ഏറെ ആത്മബന്ധമുണ്ട്. മഠത്തിലെ ആദരണീയരായ സന്യാസിമാരുടെ അനുഗ്രഹം എന്നും ലഭിച്ചിരുന്നു. 2013-ൽ കേദാർനാഥിൽ പ്രകൃതി ദുരന്തത്തിൽ കുടുങ്ങിയ ശിവഗിരി മഠത്തിൽ നിന്നുള്ളവരെ രക്ഷിക്കാനുള്ള ദൗത്യം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തനിക്കായിരുന്നു. അന്നത്തെ യു.പി.എ സർക്കാരിനെക്കാൾ മഠത്തിന് തന്നെയായിരുന്നു വിശ്വാസം. പ്രതിസന്ധി ഘട്ടങ്ങളിൽ, വിശ്വാസമുള്ളവരിലേക്കാണ് ആദ്യം ശ്രദ്ധ പതിയുക. (ഒന്നും തോന്നരുതെന്ന് വേദിയിലിരുന്ന കോൺഗ്രസ് എം.പി അടൂർ പ്രകാശിനെ നോക്കി കമന്റ്)
സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിന് സാമൂഹിക പുരോഗതി വേണമെന്ന് ഗുരു മനസിലാക്കി. ഗുരു ആത്മീയതയെ സാമൂഹിക പരിഷ്കരണത്തിനും പൊതുജനക്ഷേമത്തിനുമുള്ള മാദ്ധ്യമമാക്കി മാറ്റി.ഗുരുവിൽ നിന്ന് ഗാന്ധിജി, രവീന്ദ്ര നാഥ ടാഗോർ അടക്കം പ്രമുഖർ പ്രചോദനം നേടിയിട്ടുണ്ട്.എല്ലാ മനുഷ്യരിലും നാരായണനെയും എല്ലാ ജീവജാലങ്ങളിലും ശിവനെയും കാണുന്ന ജനതയാണ് നമ്മൾ. ഗുരുദേവന്റെ
'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്ന തത്ത്വചിന്ത ഇന്ത്യയുടെ നാഗരിക ധാർമ്മികതയുടെ അടിത്തറയാണ്. അതിന്ന് ആഗോള തലത്തിലേക്ക് വികസിപ്പിക്കുകയാണ്. 'വസുധൈവ കുടുംബകം' എന്ന ആശയം ഗുരുവിനെപ്പോലുള്ള സന്യാസിമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക' എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരു അത് സാക്ഷാത്കരിക്കുന്നതിനുള്ള സ്ഥാപനങ്ങൾക്ക് അടിത്തറ പാകുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച ശാരദാ മഠം പിന്നാക്കക്കാരുടെ ഉന്നമനത്തിനും വിമോചനത്തിനുമുള്ള പ്രതീകമാണ്.ഗുരുവിന്റെ 'ആത്മോപദേശ ശതകം' പോലുള്ള കൃതികൾ അദ്വൈതവും ആത്മീയതയും പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും വഴികാട്ടിയാണ്. ആത്മോപദേശ ശതകം വായിച്ച രമണ മഹർഷി അദ്ദേഹത്തിന് എല്ലാം അറിയാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യൻ പൗരന്മാരുടെ രക്തം ചിന്തുന്ന ഭീകരരുടെ അഭയകേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചെന്ന് സദസ്യരുടെ കരഘോഷത്തിനിടെ മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |