ന്യൂഡൽഹി: ശ്രീനാരായണ ഗുരുവുമായി നടന്ന ചരിത്രപരമായ കൂടിക്കാഴ്ച മഹാത്മാ ഗാന്ധിയെ വലിയ തോതിൽ സ്വാധീനിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത. ഹരിജൻ എന്ന വാക്ക് ഗാന്ധി ഉപയോഗിച്ചു തുടങ്ങിയത് കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ്. കൂടിക്കാഴ്ച സാമൂഹ്യപരിഷ്ക്കരണത്തിൽ അതീവ നിർണായകമായി. സമൂഹത്തിലുണ്ടായിരുന്ന തൊട്ടുകൂടായ്‌മ, വേർതിരിവ് തുടങ്ങിയ ദുരാചാരങ്ങൾ മാറാൻ സഹായകമായി.
ഗുരു ചേർത്തല കളവംകോടം ക്ഷേത്രത്തിൽ സ്ഥാപിച്ച കണ്ണാടി പ്രതിഷ്‌ഠയെ രേഖാ ഗുപ്‌ത പരാമർശിച്ചു. ഈശ്വരൻ എല്ലാവരുടെയും ഉള്ളിലാണെന്ന് കാണിക്കാനാണ് ഗുരു ശ്രമിച്ചത്. കേരളം നൂറു ശതമാനം സാക്ഷരത നേടിയെങ്കിൽ അത് ഗുരു വിദ്യാഭ്യാസ മേഖലയ്‌ക്ക് നൽകിയ പ്രാധാന്യം കൂടി കൊണ്ടാണ്. രണ്ട് മഹാന്മാരുടെയും കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിന്റെ ആഘോഷപരിപാടികൾക്ക് ഡൽഹി തിരഞ്ഞെടുത്തതിന് രേഖാ ഗുപ്‌ത നന്ദി പറഞ്ഞു. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച 'കൂടിക്കാഴ്ചയുടെ ചരിത്രവും സമകാലിക പ്രസക്തിയും' എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി. മനുഷ്യരെല്ലാം ഒന്ന്, അതാണ് നമ്മുടെ മതമെന്നാണ് ഗുരു അരുൾ ചെയ്‌തതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുവും ഗാന്ധിയും
സഞ്ചരിച്ചത് ഒരേവഴിയിൽ
ഗുരുവും ഗാന്ധിയും ഒരേ വഴിയിൽ സഞ്ചരിച്ചവരെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മനുഷ്യരുടെ വഴിയിലായിരുന്നു ഇരുവരുടെയും സഞ്ചാരം. അഹിംസയുടെ ഉപാസകരായിരുന്നു. ഗുരു ദർശനം വിശ്വ മാനവികതയ്‌ക്കായി
നിലകൊള്ളുന്നതാണെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. വിശ്വമാകെ പരക്കണം ഗുരുവിന്റെ സന്ദേശമെന്ന് സെമിനാറിൽ പങ്കെടുത്ത എ.എ. റഹീം എം.പി പറഞ്ഞു. ഗുരുവുമായുള്ള കൂടിക്കാഴ്ച ഗാന്ധിജിയുടെ ജാതി സങ്കൽപത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. മനോജ്, ഡൽഹി ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം, ഈറം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീക് അഹമ്മദ്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ, ഡൽഹിയിലെ സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ. അനിൽ, ഡൽഹി ഹരിജൻ സേവാ സംഘം വൈസ് പ്രസിഡന്റ് ലക്ഷ്‌മി ദാസ്, ഡൽഹിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കെ.വി, ലോക കേരള സഭ അംഗം പി. ജയരാജൻ നായർ, പാഞ്ചജന്യം ഭാരതം ജനറൽ സെക്രട്ടറി വിനോദ് കുമാർ കല്ലേത്ത്, സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷനിലെ ശശിധരൻ, ഡൽഹി മലയാളി വിശ്വകർമ്മ സഭ പ്രസിഡന്റ് രവീന്ദ്രൻ പി.കെ, ഡൽഹി ശ്രീനാരായണ കേന്ദ്ര അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |