ദുബായ്: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ കുറഞ്ഞ തുകയേ ലഭിക്കുകയുള്ളു. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 23.61ൽ നിന്ന് 23.44 ആയി ഉയർന്നു. ഇത് പ്രവാസികൾക്ക് വലിയ തിരിച്ചടിയായി.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡോളർ അൽപ്പം ദുർബലമായതാണ് രൂപയുടെ മൂല്യം ഉയരാൻ കാരണം. ഈ മാസം 14ന് സംഘർഷം ആരംഭിച്ചത് മുതൽ ഡോളർ തുടർച്ചയായി ശക്തിപ്രാപിച്ചിരുന്നു. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപനത്തോടെ ഡോളർ സൂചിക 97.7 ആയി കുറഞ്ഞു. ഇത് അടുത്തിടെ ഉണ്ടായിരുന്ന 98, 99 നിലവാരത്തിൽ നിന്ന് താഴെയാണ്.
കഴിഞ്ഞ 30 ദിവസമായി ഇന്ത്യൻ രൂപ ദിർഹത്തിനെതിരെ 23.1 - 23.3 നിലവാരത്തിലായിരുന്നു. അതുകൊണ്ട് തന്നെ 14ന് ശേഷം രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള മികച്ച അവസരമായിരുന്നു. ഈ അവസരം ഉപയോഗിച്ച് പ്രവാസികൾ വലിയ തോതിൽ നാട്ടിലേക്ക് പണം അയച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി സാധാരണയായി കണ്ടുവരുന്നതിനെക്കാൾ ഉയർന്ന അളവിലാണ് പണം കൈമറ്റം നടന്നതെന്ന് വിദേശ മണി എക്‌സ്‌ചേഞ്ച് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ശമ്പളം അക്കൗണ്ടുകളിൽ എത്താൻ തുടങ്ങുന്ന ഈ മാസാവസാന സമയത്ത് അത്യാവശ്യമുള്ള പണം മാത്രം അയക്കാനാണ് മണി എക്‌സ്‌ചേഞ്ച് വ്യവസായ വിദഗ്ദ്ധർ പ്രവാസികളോട് നിർദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |