മുംബയ്: യാത്രക്കാരന് തെറ്റായ ടിക്കറ്റ് നൽകിയതിന് സ്പൈസ് ജെറ്റിനോട് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മുംബയ് ഉപഭോക്തൃ തർക്കപരിഹാര കോടതി. 2020ലാണ് പരാതിക്കടിസ്ഥാനമായ സംഭവം. യാത്രക്കാരൻ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദം അനുഭവിച്ചുവെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.
ജൂൺ 17ന് കോടതി പ്രസിദ്ധീകരിച്ച ഉത്തരവിൽ യാത്രക്കാരൻ നേരിട്ട മാനസിക പീഡനത്തിന് സ്പൈസ് ജെറ്റ് അധികൃതർ ഉത്തരവാദികളാണെന്ന് കമ്മിഷൻ കണ്ടെത്തി.
2020 ഡിസംബർ 5നാണ് പരാതിക്കാരൻ മുംബയിൽ നിന്ന് ദർഗയിലേക്കും തിരികെയുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ,മോശം കാലവസ്ഥയെതുടർന്ന് തിരികെയുള്ള വിമാനം റദ്ദാക്കി. ഡിസംബർ 8ന് പി.എച്ച്. ഡി ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അദ്ദേഹം അത്യാവശ്യമായി മറ്റൊരു ടിക്കറ്റ് ആവശ്യപ്പെട്ടത്.
പാട്നയിൽ നിന്ന് കൊൽക്കത്തയിലേക്കും പിന്നീട് കൊൽക്കത്തയിൽ നിന്ന് മുംബയിലേക്കുമുള്ള ടിക്കറ്റാണ് കമ്പനി നൽകിയത്. എന്നാൽ,പാട്ന എയർപോർട്ടിലെത്തുമ്പോഴാണ് തെറ്റായ ടിക്കറ്റാണ് നൽകിയതെന്ന് അറിയുന്നത്. തുടർന്ന് സ്വന്തം ചെലവിൽതന്നെ അദ്ദേഹത്തിന് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നുവെന്നാണ് പരാതി.
ടിക്കറ്റ് തുകയായ 14,577 രൂപയും യാത്രക്കാരൻ നേരിട്ട മാനസിക വേദനയ്ക്ക് 2 ലക്ഷം രൂപയും വ്യവഹാരച്ചെലവുകൾക്കായി 25,000 രൂപയും നൽകണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. എന്നാൽ,അധിക തുക ഈടാക്കാതെയാണ് പകരം ടിക്കറ്റ് നൽകിയതെന്നും റീഫണ്ട് നൽകിയതാണെന്നും കമ്പനി വാദിച്ചു. വിമാനം റദ്ദാക്കിയ വിഷയത്തിൽ ഉചിതമായ നടപടി ക്രമങ്ങൾ കമ്പനി പാലിച്ചുവെന്നും ടിക്കറ്റ് തെറ്റായി നൽകി യാത്രക്കാരനെ ബുദ്ധിമുട്ടിച്ചതിലാണ് നടപടി എടുക്കുന്നതെന്നുും കമ്മിഷൻ പറഞ്ഞു. തുടർന്ന് 25,000 രൂപ നഷ്ടപരിഹാരത്തിനൊപ്പം 5,000 രൂപ നിയമ വ്യവഹാരച്ചെലവായി നൽകാനും കമ്മിഷൻ ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |