വാഷിംഗ്‌ടൺ: നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് ആക്‌സിയം - 4 ക്രൂ ഭ്രമണപഥത്തിലേക്ക് ഉയരുകയാണ്. ഇന്ത്യക്കാർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ദൗത്യത്തിൽ ക്രൂ അംഗങ്ങൾക്കൊപ്പം ചെറിയൊരാൾ കൂടിയുണ്ട്. അഞ്ച് ഇഞ്ച് ഉയരമുള്ള മൃദുവായ ഒരു കുഞ്ഞൻ ഹംസമാണിത്. അന്താരാഷ്‌ട്ര ദൗത്യത്തിന്റെ സീറോ - ഗ്രാവിറ്റി സൂചകമായി മാറാൻ പോകുന്ന ഈ കളിപ്പാട്ടത്തിന്റെ പേര് ജോയ് എന്നാണ്. പക്ഷേ, പാവയാണെന്ന് കരുതി ഇതിനെ നിസാരമായി കാണേണ്ട. സംസ്‌കാരത്തിന്റെയും സഹകരണത്തിന്റെയുമെല്ലാം പ്രതീകം കൂടിയാണിത്.
ഗുരുത്വാകർഷണത്തിൽ നിന്ന് ഭാരമില്ലായ്മയിലേക്ക് വഴിമാറുന്ന നിമിഷം അടയാളപ്പെടുത്താൻ വേണ്ടിയാണ് ഈ പാവ ഉപയോഗിക്കുന്നത്. ഒരു കളിപ്പാട്ടം പറത്തുന്ന രീതിക്ക് തുടക്കം കുറിച്ചത് ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ ആണ്. പിന്നീട് ഇതൊരു ആചാരമായി മാറി. പക്ഷേ, എന്തുകൊണ്ടാണ് ഇവിടെ ഹംസത്തിന്റെ പാവയെ തിരഞ്ഞെടുത്തത് എന്നറിയാമോ?
ഇന്ത്യക്കാരനായ ബഹിരാകാശ സഞ്ചാരി ശുഭാംഷു ശുക്ലയ്‌ക്ക് ഇതുമായി വളരെയേറെ ബന്ധമുണ്ട്. ഹംസം എന്നത് ഇന്ത്യൻ പുരാണങ്ങളിൽ വളരെയേറെ പ്രാധാന്യമുള്ളവയാണ്. ജ്ഞാനത്തിന്റെ ദേവതയായ സരസ്വതി ദേവിയുടെ പവിത്രമായ വാഹനമാണ്. വിവേചനാധികാരം, വിശുദ്ധി, ജ്ഞാനം എന്നിവയെ ഹംസം പ്രതീകപ്പെടുത്തുന്നു. വെള്ളവും പാലും വേർതിരിക്കാനുള്ള കഴിവ് ഹംസത്തിനുണ്ടെന്ന് പുരാണത്തിൽ പറയപ്പെടുന്നുണ്ട്.
അതിനാൽത്തന്നെ ഒരു ദൗത്യത്തിന് തികച്ചും അനുയോജ്യമാണ് ഹംസം. ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ്എ തുടങ്ങി വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബഹിരാകാശ യാത്ര നടത്തുന്നത്. ഇതിൽ ഹംഗേറിയൻ ബഹിരാകാശ സഞ്ചാരി ടിബോർ കപു ആണ് പാവയ്‌ക്ക് ജോയ് എന്ന പേരിട്ടത്.
ഗുരുത്വാകർഷണം പോയി പേടകം ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ, ജോയ് സ്വതന്ത്രമായി പൊങ്ങിക്കിടക്കും. ഗുരുത്വാകർഷണം അവസാനിച്ചുവെന്ന് ക്രൂ അംഗങ്ങൾക്ക് മനസിലാകാനാണിത്. വളരെ ലളിതമായ ഉദ്ദേശമാണെങ്കിലും പ്രാധാന്യമേറിയതാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |