400കോടിയുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത്
കൊച്ചി: 'പകുതി വില' തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്റെ സ്വത്തുക്കൾ ബഡ്‌സ് നിയമം (ബാനിംഗ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ആക്ട്) ചുമത്തി കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയതായി ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു . കോടികളാണ് തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ കൈക്കലാക്കിയത്. പണം ഉപയോഗിച്ച് ഇടുക്കിയിലും കർണാടകയിലുമടക്കം ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. ഇവയാണ് ഇപ്പോൾ കണ്ടുകെട്ടാൻ ഒരുങ്ങുന്നത്. സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യൽ മെഷീനുമൊക്കെ വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് 75ലേറെ ബ്ലോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് ആളുകളെ അംഗങ്ങളാക്കിയായിരുന്നു തട്ടിപ്പ്.
ഇതുവരെ 1350 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ ഏഴായിരത്തോളം പരാതികൾ ലഭിച്ചതിൽ 650ലധികം കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസുകളിലെല്ലാം അനന്തു കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി അതത് കോടതികളിൽ ഹാജരാക്കി വരികയാണ്. ഏകദേശം 400 കോടിയോളം രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇതുവരെ ലഭിച്ചത്. ഒരു കമ്പനിയുടെയും സാമൂഹ്യ സുരക്ഷാ ഫണ്ട് (സി.എസ്.ആർ) അനന്തുവിന് ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി
സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാന വ്യാപകമായി 20,163 പേരിൽനിന്ന് 60,000 രൂപ വീതവും, 4,025 പേരിൽനിന്ന് 56,000 രൂപ വീതവുമാണ് അനന്തു കൈപ്പറ്റിയത്. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ ഒട്ടേറെ നേതാക്കൾക്ക് അനന്തു ലക്ഷങ്ങൾ സംഭാവനയായും ഫണ്ടായും നൽകിയിട്ടുണ്ട്. സംഭാവന വാങ്ങിയത് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെന്നാണ് പൊലീസിന്റെ നിലപാട്, കൂടാതെ സംഭാവന വാങ്ങിയവരെ ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുമില്ല.
മഹസറിൽ കുടുങ്ങി ഉപഭോക്താക്കൾ
അനന്തു കൃഷ്ണന്റെ തട്ടിപ്പ് സംഘടനയിൽ നിന്ന് സ്‌കൂട്ടർ ലഭിച്ചവർക്കും ഇപ്പോൾ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ കൈക്കലാക്കിയ പണം കൊണ്ട് വാങ്ങിയതാണ് സ്‌കൂട്ടറുകളെന്ന് കണ്ടെത്തിയതിനാൽ, ഇവയുടെ മഹസർ (സ്ഥല പരിശോധനാ റിപ്പോർട്ട്) രേഖപ്പെടുത്തണം. ഇതിനായി സ്‌കൂട്ടറുകൾ സ്റ്റേഷനിൽ എത്തിക്കണമെന്ന നിർദ്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്. സ്‌കൂട്ടറുകൾ പിടിച്ചുവയ്ക്കില്ലെന്നും പിന്നീട് തിരികെ നൽകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |