# ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ആലപ്പുഴ: ലഹരിക്ക് പിടികൊടുക്കാതെ ജീവിതത്തിൽ മുന്നേറാനുള്ള മികച്ച വഴികൾ
ആലപ്പുഴ അസി.എക്സൈസ് ഇൻസ്പെക്ടർ ആശ്രമം വാർഡ് കൃഷ്ണേശ്വരി വീട്ടിൽ മനോജ് കൃഷ്ണേശ്വിയുടെ (49) കൈവശമുണ്ട്. 2010 മുതൽ ലഹരിവിരുദ്ധ ബോധവത്ക്കരണ രംഗത്ത് സജീവമായ മനോജ്, 1800ലധികം വേദികൾ ഇതിനകം
പിന്നിട്ടു കഴിഞ്ഞു. വയനാടും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ക്ലാസുകൾ നടത്തി. സ്കൂളുകൾ, കോളേജുകൾ, സാംസ്കാരിക, സമുദായ സംഘടനകൾ, പ്രൊഫഷണൽ കോളേജുകൾ, ഡോക്ടർമാർ, നഴ്സുമാർ, അദ്ധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ക്ലാസുകളെടുക്കുന്നു. സർക്കാർ ഉദ്യോഗസ്ഥനാകുന്നതിന് മുമ്പേ ട്യൂട്ടോറിയൽ അദ്ധ്യാപകനായിരുന്ന പരിചയസമ്പത്താണ് യൂണിഫോമിട്ടിട്ടും നല്ല 'പാഠങ്ങൾ പഠിപ്പിക്കാൻ' മനോജിന് നിയോഗമായത്. സർക്കാർ തലത്തിൽ എക്സൈസ് വകുപ്പ് വഴി ബോധവത്ക്കരണ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ വഴി ക്ലാസ്സെടുക്കാൻ മനോജ് ആരംഭിച്ചിരുന്നു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് ട്രെയിനിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ മനോജ് ഓരോ ദിവസവും പുത്തൻ അറിവുകളും ആശയങ്ങളും വികസിപ്പിക്കുകയാണ്.
കാണികളും പങ്കാളികൾ
ശ്രോതാക്കളുടെ പ്രായവും, പശ്ചാത്തലവുമടക്കം പരിഗണിച്ചാണ് മനോജ് ക്ലാസുമായി മുന്നേറുന്നത്. ഓരോ വേദിയിലും പുതിയ കഥകളും, കവിതകളും, അനുഭവങ്ങളും പ്രഭാഷണത്തിൽ ഉൾക്കൊള്ളിക്കും. കാണികളെ കൂടി സജീവ പങ്കാളികളാക്കിയാണ് ഒരു മണിക്കൂറോളം നീളുന്ന ക്ലാസുകൾ ആസ്വാദ്യകരമാക്കുന്നത്. ലഹരി വിരുദ്ധ ബോധവൽക്കരണ രംഗത്തെ സേവനം പരിഗണിച്ച് ജില്ലാ കളക്ടറായിരുന്ന ടി.വി .അനുപമ പ്രശസ്തിപത്രം നൽകിയിട്ടുണ്ട്. ജെ.സി.ഐയുടെ സേവനരത്ന അവാർഡ്, ആന്റി നാർക്കോട്ടിക്ക് ആക്ഷൻ സെന്റർ ഒഫ് ഇന്ത്യയുടെ ആന്റി നാർക്കോട്ടിക്ക് അവാർഡ്, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ കർമ്മശ്രേഷ്ഠ പുരസ്കാരം, റോട്ടറി ക്ലബ് ഒഫ് ഹരിപ്പാട് ഗ്രേറ്ററിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ്, ഡോ.എ.പി.ജെ.അബ്ദുൾകലാം സ്മാരക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ആസ്ഥാനമായുള്ള പോസിറ്റീവ് കമ്മ്യൂണിന്റെ സർട്ടിഫൈഡ് ട്രെയിനറാണ്. ട്രെയിനിംഗ് രംഗത്തെ പ്രവർത്തന മികവിനുള്ള അംഗീകാരമായി ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡിലും ഇടം പിടിച്ചിട്ടുണ്ട്. ശുഭചിന്തകളുടെ 365 ദിനങ്ങൾ എന്ന പുസ്തകത്തിന് ഗോൾഡൻ ബുക്ക് അവാർഡ് ലഭിച്ചു. കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും, പോസിറ്റീവ് കമ്മ്യൂൺ ആലപ്പുഴയുടെയും ചെയർമാനാണ്. പരേതനായ കൃഷ്ണൻകുട്ടി നായരും ഈശ്വരിയമ്മയുമാണ് മാതാപിതാക്കൾ. ഫാർമസിസ്റ്റായ കൃഷ്ണപ്രിയയാണ് ഭാര്യ. മക്കൾ: കാർത്തികൃഷ്ണ, കൃഷ്ണചന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |