തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്തേകി ഇന്ത്യയുടെ ശുഭാംശു ശുക്ലയുടെ ആക്സിയം 4 ബഹിരാകാശ യാത്രയ്‌ക്ക് വിജയത്തുടക്കം. ശുഭാംശു ഉൾപ്പെടെയുള്ള നാലംഗ സംഘമുള്ള ക്രൂ ഡ്രാഗൺ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്‌ക്ക് 12.01ന് വിക്ഷേപിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്നായിരുന്നു വിക്ഷേപണം.
ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. അതുവരെ ശുഭാംശുവിനായിരിക്കും പേടകത്തിന്റെ നിയന്ത്രണം. തുടർന്ന് സ്‌പേസ് സ്റ്റേഷനിലെ ഹാർമണി ഡോക്കിൽ പേടകത്തിന്റെ കവാടം ഘടിപ്പിക്കും. ഇതുകഴിഞ്ഞാണ് സ്‌പേസ് സ്റ്റേഷനിൽ പ്രവേശിക്കുക.
രാകേഷ് ശർമ്മയ്‌ക്കുശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനാണ് ശുഭാംശു. 41വർഷം മുമ്പായിരുന്നു രാകേഷിന്റെ യാത്ര. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രദൗത്യവും ഇന്ന് ശുഭാംശു സ്വന്തമാക്കും. മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സങ്കേതികകാരണങ്ങളാൽ ഏഴുതവണയാണ് മാറ്റിവച്ചത്.
14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തും. നാസ മുൻ ബഹിരാകാശ യാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്‌പേസ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. പോളണ്ടിൽ നിന്നുള്ള സ്വവോസ് ഉസ്നാൻ സ്‌കിവിസ്‌നെവ്സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ് മറ്റ് യാത്രികർ. ശുഭാംശുവിന്റെ യാത്രയ്‌ക്കായി 550 കോടിയാണ് ഇന്ത്യ ചെലവഴിക്കുന്നത്.
''അഭിമാനത്താൽ നെഞ്ച് നിറയണം"
പേടകം ബഹിരാകാശത്തെത്തിയതിനു പിന്നാലെ ഇന്ത്യക്കാർക്കായി ഹിന്ദിയിൽ ശുഭാംശുവിന്റെ 'ജയ് ഹിന്ദ്' അഭിവാദ്യവുമെത്തി. ''എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വർഷത്തിനുശേഷം നമ്മൾ ബഹിരാകാശത്തെത്തി. സെക്കൻഡിൽ ഏഴര കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുകയാണ് ഞങ്ങൾ. നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്ന് ചുമലിൽ പതിച്ച ത്രിവർണ പതാക എന്നോടു പറയുന്നു. ഇത് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയിൽ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്, ജയ് ഭാരത്'' - ശുഭാംശു പറഞ്ഞു.
സെക്കൻഡിൽ 7.5
കിലോമീറ്റർ വേഗം
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് ഫാൽക്കൺ 9 റോക്കറ്റ് പറന്നുയർന്നു
റോക്കറ്റിന്റെ രണ്ടാം ഭാഗത്താണ് ശുഭാംശുവും സംഘവുമുള്ള ക്രൂ ഡ്രാഗൺ പേടകം
റോക്കറ്റിന്റെ ആദ്യഘട്ടത്തിന് 9 എൻജിനുകൾ
ഉയർന്ന് 2.25 മിനിറ്റ് കഴിഞ്ഞപ്പോൾ ഒന്നാംഘട്ടം വേർപ്പെട്ടു
തുടർന്ന് രണ്ടാംഘട്ടത്തിലെ എൻജിനുകൾ ജ്വലിച്ചു
റോക്കറ്റിന്റെ വേഗത സെക്കൻഡിൽ 7.5 കിലോമീറ്ററായി
9.38 മിനിറ്റിൽ ക്രൂ ഡ്രാഗൺ വേർപ്പെട്ടു
സ്വതന്ത്രമായ ഡ്രാഗൺ സ്പേസ് സ്റ്റേഷൻ ലക്ഷ്യമാക്കിയുള്ള യാത്രയിൽ
'ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്ടൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള യാത്രയിലാണ്. 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് അദ്ദേഹം വഹിക്കുന്നത്
-പ്രധാനമന്ത്രി നരേന്ദ്രമോദി
മാംഗോ ജ്യൂസും ഹൽവയുമായി ശുഭാംശു
മാംഗോ ജ്യൂസ്, മൂങ് ദാൽ ഹൽവ, കാരറ്റ് ഹൽവ എന്നിവ ശുഭാംശു യാത്രയ്‌ക്ക് കൊണ്ടുപോയി. സ്പെയ്സ് സ്റ്റേഷനിലെ താമസക്കാർക്ക് അത് പങ്കുവെയ്ക്കും. ഉന്മേഷം നൽകുന്ന മാമ്പഴ പാനീയം മൈക്രോഗ്രാവിറ്റിയിൽ സിപ്പർ ഉപയോഗിച്ചാണ് കുടിക്കുക. ഒട്ടിപ്പിടിക്കാത്ത പ്രകൃതമായതിനാൽ അരി കൊണ്ടുപോകുന്നത് വെല്ലുവിളിയായേക്കാം. ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തെയും പാചകപൈതൃകത്തെയും പ്രതിനിധാനം ചെയ്യാനാണ് ഇന്ത്യൻ ഭക്ഷണം കൊണ്ടുപോകുന്നത്. ബഹിരാകാശത്തെ സാഹചര്യത്തിന് അനുയോജ്യമായ രീതിയിവാണ് പായ്ക്ക് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |