പത്തനംതിട്ട : ഇലന്തൂരിലെ സർക്കാർ നഴ്സിംഗ് കോളേജിൽ സൗകര്യങ്ങൾ ഒരുക്കാത്തതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായി. ശക്തമായ മഴയേയും അവഗണിച്ച് പ്രതിഷേധ മുദ്രവാക്യവുമായി ഒന്നും രണ്ടും ബാച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി. പുതിയ ബാച്ചിന്റെ പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോളേജ് പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്.
ഇന്നലെ രാവിലെ പ്രിൻസിപ്പലിന്റെ ഓഫീസിന് മുമ്പിലും നഴ്സിംഗ് കോളേജിന്റെ മുമ്പിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അടിസ്ഥാന സൗകര്യങ്ങളും കോഴ്സിന് അംഗീകാരവും ഇല്ലാതെയാണ് നഴ്സിംഗ് കോളേജ് ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. 2023 ൽ ആദ്യ ബാച്ചും കഴിഞ്ഞവർഷം രണ്ടാമത്തെ ബാച്ചും പ്രവേശനം നേടിയിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകരും പിന്തുണയുമായെത്തിയതോടെ രംഗം കലുഷിതമായി. റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ഡി വൈ.എസ്.പി എസ്.ആഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർത്ഥികളും ഡിവൈ.എസ്.പിയും പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുവാനും കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാനും ധാരണയായി. രണ്ട് ദിവസത്തിനുള്ളിൽ കളക്ടറുമായി വിദ്യാർത്ഥികൾ ചർച്ച നടത്തും. കേരള ബി.എസ് സി സ്റ്റുഡന്റ് നഴ്സസ് ഭാരവാഹികളുമായും വിദ്യാർത്ഥികൾ ചർച്ച നടത്തി.
ആദ്യ രണ്ടു ബാച്ചുകളിലെ
118 വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ
പത്തനംതിട്ട ഗവ.നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിത കാല സമരം തുടങ്ങിയിരിക്കുകയാണ്. സമരം കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ
നാളെ കളക്ടർക്ക്നിവേദനം നൽകും. വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 118 വിദ്യാർത്ഥികളുടെ ഭാവിയാണ് സർക്കാർ നശിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികൾ ഉണ്ട്. പഠനത്തിൽ തന്നെ വലിയ സമ്മർദ്ദം നേരിടേണ്ടി വരികയാണ്.
അർജുൻ, വിദ്യാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |