അനിഷ്‌ടം പ്രകടിപ്പിച്ച് ഖാർഗെ
ന്യൂഡൽഹി:തനിക്ക് രാജ്യത്തെക്കാൾ താത്പര്യം പ്രധാനമന്ത്രിയോടാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വിമർശനത്തിന് മറുപടിയുമായി ശശി തരൂർ എംപി.ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തിൽ ഖാർഗെ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ എക്‌സിലെ കുറിപ്പിലൂടെയാണ് തരൂർ മറുപടി നൽകിയത്. 'പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല' എന്ന കുറിപ്പിനൊപ്പം ഒരു പക്ഷിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്‌തു. ഇതോടെ തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഉടക്ക് കൂടുതൽ രൂക്ഷമായി.തരൂരിന്റെ മോദി സ്‌തുതിയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോളാണ് ഡൽഹിയിൽ ഖാർഗെ കടന്നാക്രമിച്ചത്.കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന തരൂരിന്റെ നിലപാടുകൾ വ്യക്തിപരമാണെന്നും കോൺഗ്രസിന്റെ അഭിപ്രായമല്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.''എനിക്ക് ഇംഗ്ലീഷ് നന്നായി വായിക്കാൻ അറിയില്ല. തരൂർ ഇംഗ്ലീഷിൽ വളരെ പ്രാവീണ്യമുള്ളയാളാണ്. അതുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കിയത്-ഖാർഗെ പരിഹസിച്ചു. പഹൽഗാം ആക്രമണത്തിന് ശേഷം,പ്രതിപക്ഷവും സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. രാജ്യം ആദ്യം, പാർട്ടി പിന്നീട് എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.ചിലർക്ക് 'മോദി ആദ്യം, രാജ്യം പിന്നീട്' എന്നാണെന്ന് തോന്നുന്നെന്ന് ഖാർഗെ പറഞ്ഞു. എഴുതാൻ ആഗ്രഹിക്കുന്നവർ ഇഷ്ടമുള്ളത് എഴുതട്ടെയെന്നും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. മോസ്കോയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ, ഇംഗ്ളീഷ് ദിനപത്രത്തിൽ വന്ന തന്റെ ലേഖനം ബി.ജെ.പിയിൽ ചേരാനുള്ള ശ്രമത്തിന്റെ ഭാഗമല്ലെന്നും ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്നതു കൊണ്ടാണെന്നും തരൂർ വിശദീകരിച്ചിരുന്നു.
പാർട്ടി നിലപാടുകളിൽ നിന്ന് വ്യതിചലിക്കുന്നവർ സ്വയം ആലോചിക്കണം. മോദി സ്‌തുതിയുടെ കാര്യം തരൂരിനോടാണ് ചോദിക്കേണ്ട.ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാണ്. പാർട്ടിയെയും ആലപ്പുഴയിൽ നിന്ന് ജയിപ്പിച്ച പാർട്ടി പ്രവർത്തകരെയും മറന്ന് എനിക്ക് അഭിപ്രായം പറയാനാകില്ല. പാർട്ടി നിലപാടിനായിരിക്കണം മുൻതൂക്കം.
--- കെ.സി. വേണുഗോപാൽ
എ.ഐ.സി.സി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |