ചെന്നൈ: ക്ഷേത്രങ്ങളിൽ ഭക്തർ സംഭാവന ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. എന്നിരുന്നാലും തമിഴ്നാട്ടിലെ അരുൾമിഗു രേണുഗാംബാൽ അമ്മൻ ക്ഷേത്ര അധികൃതരും അവിടത്തെ വിശ്വാസികളും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. അതിന് കാരണമാകട്ടെ ഒരു ഭക്തൻ നൽകിയ സംഭാവനയും.
ഭണ്ഡാരത്തിൽ ഭക്തർ കാണിക്കയായി ഇടുന്ന തുക രണ്ട് മാസത്തിലൊരിക്കൽ എണ്ണിത്തിട്ടപ്പെടുത്തുന്നതാണ് ഇവിടത്തെ രീതി. കഴിഞ്ഞ ചൊവ്വാഴ്ച അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിലെ 11 ഭണ്ഡരങ്ങളിൽ ഒന്നിൽ നിന്ന് നാണയങ്ങൾക്കൊപ്പം ഒരു ആധാരവും കിട്ടി.
നാല് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ക്ഷേത്രത്തിനായി സംഭവന നൽകിയെന്നതിന്റെ രേഖയായിരുന്നു അത്. ഈ സ്വത്തുവകകൾ സംഭാവന ചെയ്തത് റിട്ട. സൈനിക ഉദ്യോഗസ്ഥനായ എസ് വിജയൻ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
കേശവപുരം ഗ്രാമവാസിയായ വിജയൻ കുട്ടിക്കാലം മുതൽ തന്നെ ഈ ക്ഷേത്രത്തിൽ സ്ഥിരം സന്ദർശകനായിരുന്നു. ഭാര്യ വി. കസ്തൂരി (56) യുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പത്ത് വർഷത്തോളമായി അദ്ദേഹം ഒറ്റയ്ക്കാണ് താമസിക്കുന്നത്.
അറുപത്തിയഞ്ചുകാരനായ വിജയന് രണ്ട് പെൺമക്കളുണ്ട്, ഇരുവരും വിവാഹിതരാണ്. ചെന്നൈയിലും വെല്ലൂരിലുമായിട്ടാണ് ഇവർ താമസിക്കുന്നത്. അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. മക്കൾക്ക് സ്വത്ത് കൈമാറണമെന്ന് ഇയാളെ കുടുംബം സമ്മർദം ചെലുത്തിയിരുന്നു. തന്നെ സംരക്ഷിക്കാത്ത മക്കൾക്ക് സ്വത്തുക്കൾ കൊടുക്കേണ്ടെന്നാണ് വിജയന്റെ തീരുമാനം. ഇതോടെ ക്ഷേത്രത്തിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രത്തിൽ സമർപ്പിച്ച രേഖകളിൽ ശ്രീകോവിലിനടുത്തുള്ള 10 സെന്റ് സ്ഥലത്തിന്റെയും ഒരു നില വീടിന്റെയും രേഖകളുണ്ട്. ഇവയ്ക്ക് മൊത്തം ഏകദേശം 4 കോടി രൂപ വിലവരും. അച്ഛന്റെ തീരുമാനത്തിനെതിരെ മക്കൾ നിയമപരമായി നീങ്ങിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |