കോഴിക്കോട് : ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പുതിയ അദ്ധ്യായം രചിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 'ടു മില്യൺ പ്ലഡ്ജിൽ നാടും നഗരവും കൈകോർത്തു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, പൊലീസ്, ബസ് തൊഴിലാളികൾ തുടങ്ങിയവർ 42,000 കേന്ദ്രങ്ങളിലായി രാവിലെ 11. 30 ന് പ്രതിജ്ഞയെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് ലക്ഷത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബങ്ങളും അഞ്ചര ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥികൾ, സിവിൽ സ്റ്റേഷനിലെ നൂറുകണക്കിന് ജീവനക്കാർ, കോർപ്പറേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി നാടും നഗരവും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. മാതൃകാപരമായ 'ടു മില്യൺ പ്ലഡ്ജ് ' പദ്ധതി ഏറ്റെടുത്ത കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭാരവാഹികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രതിജ്ഞയുടെ ജില്ലാതല വേദിയായ ടൗൺ ഹാളിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനം മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എക്സൈസ് കമ്മിഷണർ എം.സുഗുണൻ, ആർ.കീർത്തി, ഗോപിനാഥൻ, കെ.ശിവദാസൻ, പി.സി കവിത, ടി.ജി അജേഷ്, അജ്ഞു മോഹൻ, എം.വി ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ലഹരി തടയുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്
വലിയ പങ്ക് വഹിക്കാനാകും: മുഖ്യമന്ത്രി
കോഴിക്കോട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 'ടു മില്യൺ പ്ലഡ്ജിൽ' സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ലഹരിയെന്ന മാരക വിപത്തിനെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ വിപുലമായ കാമ്പെയിനുകളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിൽ സർക്കാറിനും എൻഫോഴ്സ്മെന്റ് ഏജൻസികൾക്കുമൊപ്പം പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം വേണം. പൊതുസമൂഹത്തെ അണിനിരത്തി ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണം. ലഹരിയുടെ വലയിൽ അകപ്പെടുന്ന കുട്ടികളെയും യുവതലമുറയെയും എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |