ആലപ്പുഴ: നെല്ലോ പച്ചക്കറിയോ, പഴവർഗങ്ങളോ കൂടുതൽ വിളഞ്ഞാലും കർഷകർ ആശങ്കപ്പെടേണ്ട. ഇടനിലക്കാരുടെയും മൊത്തക്കച്ചവടക്കാരുടെയും ചൂഷണത്തിന് ഇരയാകാതെ വിളകൾ മാസങ്ങളോളം സൂക്ഷിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി ലാഭം നേടാനും ഗ്രാമങ്ങൾ തോറും കാർഷിക ഉൽപ്പന്ന സംഭരണ ശാലകൾ വരും.
കേരളത്തിലെ സംരംഭകർക്ക് ഇതിനായി വായ്പ നൽകാൻ 2,520 കോടി കേന്ദ്രം അനുവദിച്ചു. നെല്ല് സൂക്ഷിക്കാൻ കാറ്റും വെളിച്ചവും കടക്കാത്ത പത്തായപ്പുരകൾ ഒരുക്കും. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമായുള്ള കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ, സുഗന്ധ വ്യഞ്ജന സ്റ്രോറേജുകൾ എന്നിവയും സജ്ജമാക്കും. ഉണക്കിയെടുത്ത നെല്ല് എത്രകാലം വേണമെങ്കിലും സൂക്ഷിക്കാം. കൊയ്ത്ത് കാലത്ത് ഈർപ്പവും പതിരും പറഞ്ഞുള്ള മില്ലുകാരുടെ ചൂഷണം കുട്ടനാട്ടിൽ പഴങ്കഥയാകും.
ഗ്രാമങ്ങൾതോറും സംഭരണശാലകൾ
1. സംഭരണ, വിതരണ സൗകര്യങ്ങളില്ലാതെ രാജ്യത്തെ 40ശതമാനം വിളയും നശിച്ചു പോകുകയാണ്
2. ഇതിനു പരിഹാരമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് (എ.ഐ.എഫ്)
3. കർഷകർക്കും സഹകരണസ്ഥാപനങ്ങൾക്കും സംരംഭകർക്കും ഭാഗമാകാം. നബാർഡിനാണ് നടത്തിപ്പ് ചുമതല.
4. കർഷകരെയും സംരംഭകരെയും പദ്ധതിയിലേക്ക് ആകർഷിക്കാൻ സഹകരണ വകുപ്പ് കൃഷി വകുപ്പുമായി ചേർന്ന് കാമ്പയിൻ ആരംഭിക്കും
5. പ്രാഥമിക കാർഷികവായ്പാ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവരെ ഉൾപ്പെടുത്തിയാകും കാമ്പയിൻ. തദ്ദേശ സ്ഥാപനങ്ങളെയും പങ്കെടുപ്പിക്കും
ആലപ്പുഴയിൽ നിന്ന് 222 അപേക്ഷകൾ
സംഭരണശാലകൾ സജ്ജമാക്കാൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കാർഷിക മേഖലയിലെ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് വായ്പ നൽകും. ഏറ്റവും കൂടുതൽ അപേക്ഷകൾ പാലക്കാട്ടാണ്. 490 എണ്ണം. കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴയിൽ നിന്ന് 222 അപേക്ഷകൾ കിട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ അപേക്ഷകർ
2981
ഒരു സംരംഭത്തിന്നൽകുന്ന പരമാവധി വായ്പ
2 കോടി
തിരിച്ചടവ് കാലാവധി
7 വർഷം
പലിശ
9%
തിരിച്ചടവിന് മോറട്ടോറിയം
6- 24 മാസം വരെ
കേരളത്തിൽ കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തത്തോടെ സ്റ്റോറേജ് സംവിധാനം കൂടുതൽ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്തും. സബ് സിഡി നൽകുന്നതിനായി പദ്ധതി വിഹിതത്തിൽ തുക വകയിരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.''- അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് വിഭാഗം, കൃഷി വകുപ്പ്
...........................................................................................................................................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |