ആലപ്പുഴ: അവലൂക്കുന്ന് സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ജോബ് ടാസ്ക് എന്ന പേരിൽ 2.91 ലക്ഷം രൂപ തട്ടിയ കേസിലെ വാണ്ട് പ്രതി അറസ്റ്റിലായി. ഡൽഹി സ്വദേശിയായ കപിൽ ഗുപ്തയെയാണ് (28) സൗത്ത് ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽ നിന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ പരസ്യ കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി പരാതിക്കാരിയെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ ടാസ്‌ക് എന്ന പേരിൽ ഹോട്ടലുകൾക്ക് റേറ്റിംഗ് ചെയ്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാർ അയച്ചുകൊടുത്ത ലിങ്ക് വഴി പരാതിക്കാരിയെ വ്യാജ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും അതിൽ കാണുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകിയുമാണ് തട്ടിപ്പ് ആരംഭിച്ചത്. തുടർന്ന് ഇൻവെസ്റ്റ്‌മെന്റ് എന്ന പേരിലും മറ്റ് പല കാരണങ്ങൾ പറഞ്ഞും പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴ് ഇടപാടുകളിലായി 2.91 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിക്കാരിയിൽ നിന്ന് പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണ് കപിൽ. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പ്രതിക്ക് സമൻസ് നൽകിയിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
എസ്.ഐ ആർ. പദ്മരാജ്, എ.എസ്.ഐ എം.അജയകുമാർ, സീനിയർ സി.പി.ഒ എസ്.ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |