തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ആഭരണക്കടയിലെ ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിനും കുടുംബത്തിനും മുൻകൂർ ജാമ്യം അനുവദിച്ച് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. കൃഷ്ണകുമാർ,ഭാര്യ സിന്ധു, മകൾ ദിയ, കൃഷ്ണ കുമാറിന്റെ സുഹൃത്ത് സന്തോഷ് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, ആഭരണക്കടയിലെ ജീവനക്കാരായ വിനിത,ദിവ്യ,രാധാകുമാരി എന്നിവരുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. വിനിതയുടെ ഭർത്താവ് ആദർശിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു.
ദിയയുടെ ഉടമസ്ഥതയിൽ കവടിയാറുള്ള ഒ ബൈ ഒസി എന്ന ആഭരണക്കടയിലെ ജീവനക്കാരായ വിനിത,ദിവ്യ,രാധാകുമാരി എന്നിവർ 68 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ദിയയുടെ പരാതി.
ആരോപണം ഉയർന്നപ്പോൾ കൃഷ്ണകുമാർ അടക്കമുള്ളവർ തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ ബലമായി പിടിച്ചുവാങ്ങി, വധഭീഷണി മുഴക്കി തുടങ്ങിയ പരാതികൾ ഉന്നയിച്ച് ജീവനക്കാരും പൊലീസിന് പരാതി നൽകി. രണ്ട് പരാതികളിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരവെയാണ് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കൃഷ്ണകുമാറും കുടുംബാഗംങ്ങൾക്കുമെതിരായ പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
ജീവനക്കാർ പണം തട്ടിയെടുത്തതിന്റെ രേഖകൾ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാത്ത ജീവനക്കാർക്ക് ജാമ്യം നൽകരുതെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ സത്യം കണ്ടെത്താനാവൂവെന്നും ക്രൈംബ്രാഞ്ച് കോടതിയെ ധരിപ്പിച്ചിരുന്നു. ഇതോടെയാണ് കുടുംബത്തിന് ജാമ്യം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |