സുൽത്താൻ ബത്തേരി : മുമ്പൊന്നുമില്ലാത്തവിധമാണ് ഇപ്പോൾ വയനാട്ടിൽ കാട്ടാന ശല്യം. വയനാടൻ കാടുകളിൽ ആനയുടെ വർദ്ധന ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക രേഖകളെങ്കിലും കാര്യം മറിച്ചാണ്. നീലഗിരി ബയോസ്ഫിയർ മേഖലയിൽ ഉൾപ്പെട്ട വയനാട് വന്യജീവി സങ്കേതം തമിഴ്നാട്ടിലെ മുതുമല, കർണാടകയിലെ ബന്ദിപ്പൂർ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ഇവിടെയുള്ള വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി സങ്കേതങ്ങളിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നു. വയനാട് വന്യജീവി സങ്കേതത്തിന് പുറമെ നോർത്ത്, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകൾക്ക് സമീപ പ്രദേശങ്ങളിലും കാട്ടാന യഥേഷ്ടം ജനവാസകേന്ദ്രത്തിൽ വിഹരിക്കുന്നു. നേരത്തെ ചക്കയും മാങ്ങയും പഴുക്കുന്ന കാലത്തായിരുന്നു കാട്ടാനകൾ കൃഷിയിടത്തിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ കാലത്തും മൃഗങ്ങൾ ജനവാസ മേഖലയിലുണ്ട്. പഴങ്ങൾ തേടിയെത്തുന്ന കാട്ടാനകൾ കൃഷിയിടത്തിൽ മാത്രമല്ല ടൗണുകളിലും എത്തിച്ചേരുന്നു.
വയനാട്ടിൽ കാട്ടാനകളുടെ കാൽപാടുകൾ ഇല്ലാത്ത ജനവാസമേഖല ഇല്ലെന്നുതന്നെ പറയാം. ജില്ലയിലെ ഒരു പഞ്ചായത്തിൽ പോലും വന്യമൃഗശല്യമില്ലാത്ത സ്ഥലവുമില്ല. കാട്ടിൽ കഴിഞ്ഞിരുന്ന കാട്ടാനകൾ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങിയതോടെ ജനം ഭീതിയുടെ നിഴലിലാണ്.
പാളുന്ന പ്രതിരോധം
കാട്ടാനകളെ വനത്തിൽ തന്നെ പ്രതിരോധിക്കുന്നതിനായി വനം വകുപ്പ് ആവിഷ്ക്കരിച്ച പ്രതിരോധ സംവിധാനങ്ങൾ ഒന്നും ഏശുന്നില്ല. മതിലിലും കിടങ്ങിലും വേലിയിലും തുടങ്ങിയ പ്രതിരോധ സംവിധാനം. അവസാനം തൂക്കു വേലിയിൽ വരെയെത്തിയെങ്കിലും ഇവയെല്ലാം തകർത്താണ് കാട്ടാനകളുടെ വിളയാട്ടം. കാട്ടാന പ്രതിരോധത്തിനായി സാങ്കേതിക വിദ്യ കാര്യക്ഷമമാക്കിയിരിക്കുകയാണ് വനം വകുപ്പ്. ഇതിന്റെ ഭാഗമായി എല്ലാ റെയിഞ്ചുകളിലും കൂടുതൽ ഉപകരണങ്ങൾ എത്തിച്ചു തുടങ്ങി. ഡ്രോണുകൾ, വാഹനങ്ങൾ ,രാത്രികാഴ്ചയുള്ള ബൈനോക്കുലർ, വനപാലകർക്ക് ധരിക്കാനുള്ള സുരക്ഷാകവചങ്ങൾ മറ്റ് പ്രതിരോധ യന്ത്രോപകരണങ്ങൾ എന്നിവയാണ് നൽകുന്നത്.
കാട്ടാന ശല്യം
രൂക്ഷമായ സ്ഥലങ്ങൾ
നൂൽപ്പുഴ പഞ്ചായത്ത്- വള്ളുവാടി, വടക്കനാട്, കല്ലുമുക്ക്, പൊൻകുഴി, തോട്ടാമൂല മേഖലകൾ
ബത്തേരി നഗരസഭ- ചെതലയം ,വീട്ടിക്കുറ്റി, പഴേരി.
പൂതാടി പഞ്ചായത്ത്- വാകേരി, മൂടക്കൊല്ലി, നെയ്യ്കുപ്പ.
പുൽപ്പള്ളി മേഖല - കുറിച്ചിപ്പറ്റ , ആലൂർകുന്ന്, ഭൂതാനം,വേലിയമ്പം, കാപ്പിക്കുന്ന്, കൊളറാട്ട്കുന്ന്, മുഴിമല, കല്ലുവയൽ, പനമരം, മേപ്പാടി ,ചെമ്പ്ര, നെല്ലിമുണ്ട, പാറക്കംവയൽ, ചുളിക്ക, കടൂർ, അമ്പലക്കുന്ന്, എളമ്പിലേരി, എരുമക്കൊല്ലി, പുഴമൂല, ഉരുൾ ദുരന്തം വിതച്ച, മുണ്ടക്കൈ, ചൂരൽമല, അട്ടമല ,പൊഴുതന, വൈത്തിരി , മാനന്തവാടി, കാട്ടിക്കുളം ,പനവല്ലി, തോൽപ്പെട്ടി,തിരുനെല്ലി, ബാവലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |