പത്തനംതിട്ട : രണ്ട് ബാച്ചുകളിലായി 118 വിദ്യാർത്ഥികൾ പഠനം നടത്തുന്ന പത്തനംതിട്ട ഗവ.നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ലങ്കിലും പുതിയ ബാച്ച് പ്രവേശനത്തിന് ഒരുക്കങ്ങൾ തുടരുകയാണ്. കോളേജ് പ്രവർത്തനത്തിലെ പോരായ്മകളിലും ചൂഷണങ്ങളിലും സഹികെട്ട് നഴ്സിംഗ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത് അധികൃതർക്കെതിരെയുള്ള പ്രതിഷേധ ശബ്ദമായി. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മാനദണ്ഡ പ്രകാരം താത്കാലിക കെട്ടിടത്തിൽ കോളേജ് തുടങ്ങാൻ അനുമതി ഉണ്ടെങ്കിലും രണ്ടുവർഷത്തിനുള്ളിൽ സ്വന്തം ആസ്ഥാനം ഒരുക്കണമെന്നുണ്ട്. എന്നാൽ 2023ൽ മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ തുടങ്ങിയ കോളേജിന്
പുതിയ ബാച്ചുകൾ തുടങ്ങിയെങ്കിലും ആസ്ഥാനമായില്ല.
കെട്ടിടത്തിന് സ്ഥലം ഏറ്റെടുക്കാനായിട്ടില്ല. നിലവിലുള്ള വാടക കെട്ടിടത്തിൽ സ്ഥലസൗകര്യമില്ല. എല്ലാകുട്ടികൾക്കും പഠനം നടത്താനാവശ്യമായ ക്ലാസ് മുറികൾ ഇല്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഓരോ ശുചിമുറി മാത്രമാണുള്ളത്.
ഈസാഹചര്യത്തിലാണ് പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ തുടരുന്നത്.
മറ്റിടങ്ങളിൽ സർക്കാർ മെഡിക്കൽ കോളേജിനോട് ചേർന്നാണ് നഴ്സിംഗ് കോളേജുകളുടെ പ്രവർത്തനം. കോന്നി മെഡിക്കൽ കോളേജിലേക്കാണ് പത്തനംതിട്ടയിലെ വിദ്യാർത്ഥികൾ ക്ലാസ്സുകൾക്കായി പോകുന്നത്. ഇതിനായി വിദ്യാർത്ഥികൾ സ്വന്തം ചെലവിൽ യാത്ര ചെയ്യണം. പത്തനംതിട്ടയിൽ നിന്ന് ദിവസവും പോയി വരാൻ 50 രൂപയാകും. കോളേജ് ബസ് അനുവദിക്കുമെന്ന് അറിയിച്ചിട്ട് രണ്ട് വർഷമായി. കോളേജ് ഹോസ്റ്റൽ ഇല്ലാത്തതിനാൽ സ്വകാര്യ ഹോസ്റ്റലിൽ താമസവും ഭക്ഷണവും അടക്കം ആറായിരം രൂപ അടച്ചാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്.
ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മാനദണ്ഡപ്രകാരം അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:10 വേണമെന്നുണ്ട്. എന്നാൽ നിലവിലുള്ള രണ്ടു ബാച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ അനുപാതത്തിൽ അദ്ധ്യാപകരെ നിയമിച്ചിട്ടില്ല.
കോളേജ് ബസ് വരുമോ?
ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന പത്തനംതിട്ട നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ബീനയുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ. ഗതാഗതത്തിന് ആവശ്യമായ വാഹനം എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുപത് ദിവസത്തിനുള്ളിൽ വാഹനം കോളേജിന് ലഭ്യമാകും. ആവശ്യമുള്ള അദ്ധ്യാപകർ നിലവിലുണ്ട്. സൗകര്യങ്ങൾ ഒരുക്കാനുള്ള നീക്കങ്ങൾ സർക്കാർ നേതൃത്വത്തിൽ നടക്കുകയാണെന്നും പ്രിൻസിപ്പൽ വിദ്യാർത്ഥികളെ അറിയിച്ചു.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ
1. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കണം.
2.കോളേജിൽ അടിസ്ഥാന സൗകര്യമൊരുക്കണം.
3. കോളേജ് ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കണം.
4. കോളേജ് ബസ് സൗകര്യം ഒരുക്കണം.
5. ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |