പത്തനംതിട്ട : മുൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എം.പിയുടെ ഓഫീസിൽ എസ്.ഡി.പി.ഐ നടത്തിയ പിറന്നാളാഘോഷം വിവാദമായി. എസ്.ഡി.പി.ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായിട്ടാണ് നേതാക്കൾ പത്തനംതിട്ടയിലെ എം.പി ഓഫീസിലെത്തി ആന്റോ ആന്റണിക്ക് മധുരം നൽകിയത്. മധുരം സ്വീകരിച്ച എം.പി നേതാക്കൾക്ക് ആശംസകൾ നേർന്നു. എസ്.ഡി.പി.ഐ ആറൻമുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കൾ എം.പി ഓഫീസിലെത്തിയത്. മണ്ഡലം ജോയിന്റ് സെക്രട്ടറി സെയ്ദലി, കമ്മിറ്റിയംഗം കെ.എച്ച്.ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു. മധുരം പങ്കുവയ്ക്കുന്നതിന്റെ ചിത്രങ്ങൾ എസ്.ഡി.പി.ഐ നേതാക്കൾ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്യുകയും റീൽസാക്കുകയും ചെയ്തു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആന്റോ ആന്റണി എം.പിക്കെതിരെ പ്രതിഷേധമുയർന്നു.
വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ നേതൃത്വത്തിലാണ് എം.പി ഓഫീസിൽ ആഘോഷം നടത്തിയതെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നു. 2022 ഡിസംബർ 29ന് ജില്ലയിൽ അന്നത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
ന്യായീകരിച്ച് എം.പി
എസ്.ഡി.പി.ഐക്കാർ നൽകിയ മധുരം കഴിച്ചതിൽ തെറ്റില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. തന്റെ മണ്ഡലത്തിൽപെട്ടവരാണ് വന്നത്. മണ്ഡലത്തിലുള്ള ആർക്കും ഓഫീസിലേക്ക് വരാം. അവർ ലഡു നൽകിയാൽ ഇനിയും കഴിക്കും.
മതനിരപേക്ഷത തട്ടിപ്പെന്ന് തെളിഞ്ഞു: രാജു ഏബ്രഹാം
ആന്റോ ആന്റണിയുടെ നടപടിയിലൂടെ കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാട് ശുദ്ധ തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞതായി സി.പി.എം ജില്ലാ സെക്രട്ടി രാജു ഏബ്രഹാം പ്രതികരിച്ചു. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളുടെ കാലഘട്ടത്തിൽ കോൺഗ്രസും യു.ഡി.എഫും മതരാഷ്‌ട്രവാദികളുടെ വോട്ട് വാങ്ങിയത് ചർച്ചയായിരുന്നു. ആ സഹകരണം തുടരുമെന്നതിന്റെ തെളിവായിട്ടാണ് പത്തനംതിട്ട എം.പിയുടെ നടപടിയെ രാഷ്‌ട്രീയകേരളം വീക്ഷിക്കുന്നതെന്ന് രാജു ഏബ്രഹാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |