കേരള ഗ്രാമീണ സൗന്ദര്യത്തിന്റെ നേരടയാളമാണ് പത്തനംതിട്ട ജില്ല.പത്തനംതിട്ടയുടെ അഭിമാനവും ആവേശവുമാണ് ആറൻമുള കണ്ണാടിയും വള്ളംകളിയും വള്ളസദ്യയും.കൊല്ലവും പത്തനംതിട്ടയും ഒരു ജില്ലയായിരുന്ന കാലത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന മീരാ സാഹിബിന്റെ മകൾ അജീബ എം സാഹിബിന് ആറൻമുളയോടാണ് പ്രിയം.കുട്ടിയായിരിക്കുമ്പോൾ അപ്പയോട് ആറൻമുള വള്ളംകളി കാണാനും വള്ളസദ്യ കഴിക്കാനും വാശി പിടിക്കുമായിരുന്നു.ആറൻമുള വള്ളംകളിയെ കുറിച്ച് എപ്പോഴും വാതോരാതെ വർണ്ണിച്ചിരുന്ന അജീബയെ ഡി സി സി പ്രസിഡന്റായിരുന്നസി വി പത്മരാജൻ വിളിച്ചിരുന്നത് 'ആറൻമുളയുടെ മകൾ' എന്നാണ്.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർ പേഴ്സണായിരുന്ന, കെ എസ് യുവിൽ തുടങ്ങി കെ പി സി സി സെക്രട്ടറി വരെയായ അജീബ എം സാഹിബ് രാഷ്ട്രീയ ജീവിത വഴികളെ കുറിച്ച് പറയുകയാണ്.
കരുണാകരൻ തന്ന
കെ എസ് യു അംഗത്വം
എ ഐ സി സി അംഗവും കെ.പി.സി.സി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന മീരാ സാഹിബ് ലീഡർ കരുണാകരന്റെ വിശ്വസ്ത അനുയായിയായിരുന്നു. പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ ലീഡറെത്തിയാൽ ആദ്യം വിളിക്കുന്നത് മീരാസാഹിബിനെയാണ്. പത്തനംതിട്ടയിലെ മീരാസാഹിബിന്റെ വീട്ടിൽ ഒരിക്കൽ ലീഡർ വന്നപ്പോൾ അജീബയോട് ചോദിച്ചു: "വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം?" എട്ടും പൊട്ടും തിരിയാത്ത എട്ട് വയസുകാരിയായ അജീബ സംശയലേശമന്യേ പറഞ്ഞു:"എനിക്ക് കോൺഗ്രസുകാരിയാകണം." ചിരിച്ചു കൊണ്ട് ലീഡർ പറഞ്ഞു.
"ആദ്യം നീ കെ.എസ്.യു ആകണം.എന്നിട്ട് കോൺഗ്രസാകാം."കരുണാകരൻ കൈയിലിരുന്ന പേന കൊണ്ട് അജീബയുടെ കൈവെള്ളയിൽ ഇംഗ്ലീഷിൽകെ എസ് യു എന്നെഴുതിയിട്ട് പറഞ്ഞു"ഇപ്പോൾ നീ കെ എസ് യു ആയി.ഇനി പഠിച്ച് മിടുക്കിയാകുമ്പോൾ താനേ കോൺഗ്രസായിക്കോളും." അജീബ പറയുകയാണ്,
എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ രാഷ്ട്രീയമാണ് വീട്ടിൽ സംസാരിക്കുന്നത്. അന്നത്തെ കാലത്ത് മാത്സിൽ ബിരുദം നേടിയ ഉമ്മ സാലിയത്ത് ബീവിയും കോൺഗ്രസ് രാഷ്ട്രീയക്കാരിയായിരുന്നു.അതുകൊണ്ട് അപ്പയും അമ്മയും രാഷ്ട്രീയമാണ് സംസാരിക്കുന്നത്.വീട്ടിൽ രാവിലെ മുതൽ ആവലാതിക്കാരുടെ തിരക്കായിരുന്നു. നാട്ടുകാരുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് അപ്പയാണ് പരിഹാരം കണ്ടിരുന്നത്.ഇതെല്ലാം കണ്ടു വളർന്ന എനിക്ക്കുട്ടിക്കാലം മുതലേ രാഷ്ട്രീയം എനിക്ക് ഇഷ്ടമായിരുന്നു.കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവായ എ കെ ആന്റണി മുതലുള്ള നിരവധി മുതിർന്ന നേതാക്കൾ വീട്ടിലെ സന്ദർശകർ ആയിരുന്നു.
ഇന്നും അജീബ എം സാഹിബ് പിന്തുടരുന്നത് മീരാ സാഹിബിന്റെ ആദർശ ശുദ്ധിയുള്ള രാഷ്ട്രീയമാണ്. മതേതര മൂല്യമുള്ള രാഷ്ട്രീയമാണ്.സ്വന്തം മതത്തിൽ വിശ്വസിക്കുകയും അപരന്റെ മതത്തെ ബഹുമാനീക്കുകയും ചെയ്യുന്ന ദേശീയ കാഴ്ചപ്പാടാണ് അജീബ എം സാഹിബിനുള്ളത്. കുട്ടിക്കാലത്ത് തന്നെ മംഗളം,മാതൃഭൂമി,മനോരമ തുടങ്ങിയവയുടെ ബാലവേദികളിലും സാഹിത്യ സമാജങ്ങളിലും ഭാരവാഹിയായിരുന്നു.
കെ.എസ്.യുവിൽ തുടങ്ങി യൂത്ത് കോൺഗ്രസിലും മഹിളാ കോൺഗ്രസിലും സജീവ സാന്നിദ്ധ്യമാകാൻ അജീബക്ക് കഴിഞ്ഞു. ഇന്ന് കോൺഗ്രസിനെ അഖിലേന്ത്യാ തലത്തിൽ ചലിപ്പിക്കുന്നഎ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പം അജീബ പത്ത് വർഷം യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
അജീബ എം. സാഹിബ്
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയിരുന്നു.അജീബ കൊണ്ടു വന്ന പരിഷ്കാരങ്ങളും വികസനങ്ങളുമാണ് ഇന്നും പത്തനംതിട്ടയിലുള്ളത്.കേരളത്തിലാദ്യമായി സോളിഡ് വേസ്റ്റ് മാനേജ്മെന്റിലൂടെ ഗ്യാസ് ഉത്പാദിപ്പിക്കുകയും അതിനെ ഇലക്ട്രിസിറ്റി ആക്കി തെരുവ് വിളക്കുകൾ കത്തിച്ചത് അജീബയാണ്. ഇന്ന് ആ പദ്ധതി നിന്നു. റിംഗ് റോഡും വർഷങ്ങളോളമായി പത്തനംതിട്ടക്കാർ ആവശ്യപ്പെട്ട തുണ്ടമൻകര പാലവും ബസ് സ്റ്റാൻഡും യാഥാർത്ഥ്യമാക്കിയത് അജീബയാണ്.ആശ്രയ പദ്ധതി വിജയിപ്പിച്ച ഏക ചെയർ പേഴ്സണായ അജീബയുടെ പല വികസന പദ്ധതികളും ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ ചർച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഘടനാ തലത്തിലും അജീബ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.കെ.മുരളീധരൻ കെ പി സി സി പ്രസിഡന്റായിരുന്നപ്പോൾ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല അജീബയെയാണ് ചുമതലപ്പെടുത്തിയത്.മതേതര മൂല്യങ്ങൾ സംരക്ഷിച്ച് കൊണ്ട് രാജ്യത്തെ നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നാണ് അജീബ എം സാഹിബ് പറയുന്നത്.ജാതിയും മതവുമല്ല വികസനവും വിശപ്പിന് പരിഹാരവും കാണലാണ് പ്രധാനം.വിശന്ന വയറുകൾക്കേ വിശപ്പിന്റെ വിലയറിയൂ.രാജ്യത്തെ ഒരു പൗരനും വിശന്നിരിക്കരുതേ എന്നാണ് അജീബയുടെ പ്രാർത്ഥന.
കേരളത്തിലെ ഇന്നത്തെ സംഘടനാ സംവിധാനം മികച്ചതാണ്.നേതാക്കൾ കഴിവുള്ളവരാണ്. വി ഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും അടൂർ പ്രകാശും ഇന്ന് വഹിക്കുന്ന സ്ഥാനങ്ങളിൽ നൂറ് ശതമാനം വിജയിക്കാൻ കഴിവുള്ള നേതാക്കളാണ്.
എത്രയോ വർഷമായി അവർ പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്നു.പ്രസ്ഥാനം എന്നാൽ ജനങ്ങളാണ്.പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുക എന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നാണ്.മുതിർന്ന നേതാക്കളായ കെ.സുധാകരനും കെ. മുരളീധരനും ശശി തരൂരും മുല്ലപ്പള്ളിയും സുധീരനും കുര്യനും കെ സി ജോസഫും എം.എം.ഹസനും അനിൽ കുമാറും കൂടി ചേരുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശക്തമാണ്.ആത്മാർത്ഥതയുള്ള നേതാക്കളും ആവേശമുള്ള അണികളും ചേരുമ്പോൾ കേരളത്തിലെ കോൺഗ്രസ് ശക്തമായി ഭരണത്തിലേക്ക് തിരിച്ച് വരും. അതിന്റെ മുന്നോടിയാണ് നിലമ്പൂരിലെ ആര്യൻ ഷൗക്കത്തിന്റെ വിജയം. എല്ലാ നേതാക്കളും എല്ലാ പ്രവർത്തകരും മുന്നണിയും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ് ഈ വിജയം.ഇന്ന് കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണ്.നാടിന്റെ നന്മയാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.അതിന് വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിൽ വന്നാലേ ഈ മലയാള നാട്ടിൽ ശാന്തിയും സമാധാനവും സൗഭാഗ്യവും ഉണ്ടാകൂ. ക്രിയാത്മകമായ വികസനം കൊണ്ടു വരണമെങ്കിൽ ഐക്യമുന്നണി വരണം.കേരളം രൂപീകരിച്ചത് മുതൽ ഇതുവരെയുള്ള നാളുകളിൽ വികസനം കൊണ്ടുവന്നത് മുഴുവൻ കോൺഗ്രസ് മുഖ്യമന്ത്രിമാരാണ്.
രാഷ്ട്രീയത്തോടൊപ്പം സ്കൂൾ അദ്ധ്യാപികയായ അജീബ എം സാഹിബിന്റെ ഭർത്താവ് അബ്ദുൽ ഖാദറാണ്.മൂന്ന് മക്കൾ.മൂത്ത മകൻ ആത്തീഫ് ഖാദർ ദുബായിലും മകൾ അഞ്ജല ഖാദർ ടൈംസ് ഓഫ് ഇന്ത്യയിലും ജോലി ചെയ്യുന്നു. ഇളയ മകൻ ആരിഫ് ഖാദർ ബി ആർക്ക് കഴിഞ്ഞ് നിൽക്കുന്നു. പാരമ്പര്യമായി കോൺഗ്രസുകാരിയായിട്ടും ആദർശ ശുദ്ധിയുള്ള മാതാപിതാക്കളുടെ മകളായിട്ടും സജീവ പ്രവർത്തകയായിട്ടും അജീബക്ക് അർഹമായ അംഗീകാരം കോൺഗ്രസിൽ കിട്ടിയോ എന്ന ചോദ്യത്തിന് നിസഹായതയിൽ പൊതിഞ്ഞൊരു പുഞ്ചിരി മാത്രമാണ് ഉത്തരമായി കിട്ടിയത്.ജയിക്കാൻ സാദ്ധ്യതയുള്ള കോൺഗ്രസുകാരിയായിട്ടും അജീബ എം സാഹിബിന് ഇതുവരെ നിയമസഭയിലോ ലോക്സഭയിലോ മത്സരിക്കാൻ അവസരം ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |