തൃശൂർ: നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്ന് ബി.ജെ.പി വിലയിരുത്തൽ. എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് കുറഞ്ഞു. ദുർബല മണ്ഡലമായിട്ടും ബി.ജെ.പിക്ക് വോട്ട് കൂടിയെന്നും ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഇന്നലെ തൃശൂരിൽ നടന്ന നേതൃയോഗത്തിൽ വിശദീകരിച്ചു.
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചേലക്കര ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. എന്നാൽ, പ്രതികൂല സാമൂഹിക സാഹചര്യമായിട്ടും നിലമ്പൂരിൽ എഴുന്നൂറോളം വോട്ട് കൂടി. ഉപതിരഞ്ഞെടുപ്പ് ഫലം മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനമാണ്. 262 ബൂത്തിൽ എല്ലായിടത്തും ബി.ജെ.പിക്ക് വോട്ട് കിട്ടി. ക്രിസ്ത്യൻ, മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും കുടിയേറ്റ മേഖലകളിലും വോട്ട് നേടാനായത് ശുഭസൂചനയാണ്.
ഇക്കാര്യത്തിൽ ഷോൺ ജോർജ്, നോബിൾ മാത്യു, ജസ്റ്റിൻ ജേക്കബ് എന്നിവരുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണെന്നും കൃഷ്ണദാസ് വിശദീകരിച്ചു. നിലമ്പൂരിൽ സ്ഥാനാർത്ഥിയായിരുന്ന മോഹൻ ജോർജിനെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ജനങ്ങളുടെ പ്രശ്നം ചർച്ചയായില്ല: രാജീവ് ചന്ദ്രശേഖർ
വികസനമോ ജനങ്ങളുടെ പ്രശ്നമോ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ചർച്ചയാക്കിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തൃശൂരിൽ ചേർന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങൾ നൽകിയ അവസരം എങ്ങനെ വിനിയോഗിച്ചെന്ന് പറയുന്നതിന് പകരം പ്രീണനം, നുണ, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തൽ തുടങ്ങിയ നിരാശപ്പെടുത്തുന്ന തന്ത്രങ്ങളാണ് അവർ ആവിഷ്കരിച്ചത്. ജമാ അത്തെ ഇസ്ലാമിയുമായി കോൺഗ്രസ് കൂട്ട് കൂടിയപ്പോൾ പി.ഡി.പിയുമായി ഇടത് സഖ്യമുണ്ടാക്കി. എന്നിട്ടും എൽ.ഡി.എഫിന് ഒമ്പത് ശതമാനവും യു.ഡി.എഫിന് ഒരു ശതമാനവും വോട്ട് കുറഞ്ഞു. ഈ സമയം എഴുന്നൂറിലേറെ വോട്ടുകൾ എൻ.ഡി.എയ്ക്ക് കൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |