വൻ പ്രതിഷേധം, രാഷ്ട്രീയ വിവാദം
ന്യൂഡൽഹി: ആർ.ജി. കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ മാനഭംഗപ്പെടുത്തിനിരയായി കൊല്ലപ്പെട്ട് പത്ത് മാസങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ വീണ്ടും കൂട്ടമാനഭംഗം. ലാ കോളേജിലെ വിദ്യാർത്ഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കോളജ് ജീവനക്കാരനായ മനോജിത് മിശ്ര (31), വിദ്യാർത്ഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20) എന്നിവരാണ് പിടിയിലായത്. അലിപ്പൂരിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരിൽ നിന്ന് മൊബൈൽ ഫോണുൾപ്പെടെ പിടിച്ചെടുത്തു. പ്രതികൾ വീഡിയോ ചിത്രീകരിച്ചിരുന്നെന്നും പുറത്തുപറയാതിരിക്കാൻ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം 24കാരി പൊലീസിന് പരാതി നൽകുകയായിരുന്നു.കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര കോളജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിംഗിന്റെ മുൻ പ്രസിഡന്റാണെന്നാണ് റിപ്പോർട്ട്. ഇയാളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ അഭിഭാഷകനാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച രാത്രി 7.30നും 10.50നും ഇടയിലാണ് സംഭവം. മനോജിത് മിശ്ര പറഞ്ഞിട്ട് അന്ന് യുവതി കോളേജിൽ നിൽക്കുകയായിരുന്നെന്നാണ് വിവരം. രാത്രി ഗാർഡ് റൂമിലേക്ക് ബലമായി കയറ്റി ഉപദ്രവിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസ് കമ്മിഷണറോട് ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.
പ്രതി അഭിഷേക്
ബാനർജിക്കൊപ്പം
സംഭവത്തെ അപലപിച്ച് ബി.ജെ.പിയുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മുഖ്യമന്ത്രി മമതാ ബാനർജിക്കും ടി.എം.സിയ്ക്കുമെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. പ്രതി മനോജിത് മിശ്ര തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ബി.ജെ.പി പുറത്തുവിട്ടു.
ബംഗാളിൽ വിവിധ സംഘനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
വിവാഹാഭ്യർത്ഥന
നിരസിച്ചതിന്
മനോജിത് മിശ്രയുടെ വിവാഹാഭ്യാർത്ഥന നിരസിച്ചതിന് പിന്നാലെയാണ് തനിക്ക് കൊടുംക്രൂരത നേരിടേണ്ടിവന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കളെ വ്യാജ കേസിൽ കുടുക്കുമെന്നും ആൺസുഹൃത്തിനെ ഉപദ്രവിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട അപേക്ഷ നൽകാനാണ് കോളേജിലെത്തിയത്. മനോജിത്തിന്റെ കാലു പിടിച്ച് അപേക്ഷിച്ചിട്ടും വെറുതെ വിട്ടില്ല. പാനിക് അറ്റാക്കും ശ്വാസ തടസവുമുണ്ടായെങ്കിലും ആശുപത്രിയിലെത്തിച്ചില്ല. ദൃശ്യങ്ങൾ പകർത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മർദ്ദിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ലഭിക്കണം. സാമൂഹിക വിപത്തിനെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടണം,
-ജയ് പ്രകാശ് മജുംദാർ
ടി.എം.സി വക്താവ്
ഭീകരമായ സംഭവമാണ് നടന്നത്. കർശന നടപടിയെടുക്കണം
-അമിത് മാളവ്യ
ബി.ജെ.പി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |