ദുരന്തത്തിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചില്ല
ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിൽ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്‌ക്ക് കീഴിലെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കേന്ദ്ര സർക്കാരിന് കത്ത് നൽകി.
ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നാണ് സൂചന. ആവശ്യം തള്ളിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐ.സി.എ.ഒ ചട്ടപ്രകാരം ലോകത്ത് എവിടെ വിമാനാപകടമുണ്ടായാലും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ രണ്ടാഴ്ചയ്‌ക്കകം നിയമിക്കുകയും, 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുകയും വേണം. എന്നാൽ ജൂലായ് 12ന് അഹമ്മദാബാദിൽ നടന്ന ദുരന്തത്തിൽ ഇതുവരെ മുഖ്യ
അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.ഇതാവാം ഐ.സി.എ.ഒ ഇടപെടലിന് കാരണമെന്ന് പറയുന്നു.
നിഷ്‌പക്ഷ അന്വേഷണം
ഉറപ്പാക്കാൻ
ഐ.സി.എ.ഒ സെക്രട്ടറി ജനറൽ ജുയാൻ കാർലോസ് സലാസറാണ് വ്യോമയാന മന്ത്രാലയത്തിനും ഡി.ജി.സി.എ ഡയറക്‌ടർ ജനറലിനും കത്തയച്ചത്. അന്വേഷണത്തിൽ പങ്കു ചേരാൻ ഐ.സി.എ.ഒയുടെ വിദഗ്ദ്ധ നിരീക്ഷകനെ അനുവദിക്കുന്നത് നിഷ്‌പക്ഷ അന്വേഷണം ഉറപ്പാക്കാനും സഹായിക്കുമെന്ന് കത്തിൽ പറയുന്നു.
പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് അന്വേഷണങ്ങളിൽ ഐ.സി.എ.ഒ പങ്കു ചേരാറുള്ളത്. സംഘർഷബാധിത മേഖലകളിലെ വിമാനാപകടം, സേനകൾ വെടി വച്ചിടുന്ന സംഭവങ്ങൾ തുടങ്ങിയവയിൽ. അഹമ്മദാബാദ് ദുരന്തത്തിൽ പങ്കു ചേരണമെന്ന ആവശ്യം അസ്വാഭാവികമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്ററി സമിതിയും നടപടികളുമായി മുന്നോട്ട്. വ്യോമയാന സെക്രട്ടറി, ബോയിംഗ് കമ്പനി അധികൃതർ, എയർ ഇന്ത്യ പ്രതിനിധികൾ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടു ഹാജരാകണമെന്ന് സമിതി നിർദ്ദേശം നൽകി. ജൂലായ് ആദ്യ ആഴ്ചയിൽ യോഗം ചേരുമെന്നാണ് വിവരം. എയർ ഇന്ത്യ സർവീസുകളുടെ കാര്യക്ഷമത മനസിലാക്കാൻ സമിതി അംഗങ്ങൾ പ്രത്യേക വിമാനയാത്ര നടത്തുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |