ന്യൂഡൽഹി: അധികാരം നിലനിറുത്താനുള്ള ഒരു കുടുംബത്തിന്റെ താത്‌പര്യങ്ങളാണ് 1975ൽ രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കോൺഗ്രസ് പാർട്ടിയെ പരോക്ഷമായി ആക്രമിച്ച അദ്ദേഹം ഒരു കുടുംബത്തിന്റെ താത്പര്യങ്ങൾ രാജ്യത്തിനു മേലെയായിരുന്നെന്നും ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി യുവമോർച്ച സംഘടിപ്പിച്ച 'മോക്ക് പാർലമെന്റ് " പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കിസ്സ കുർസി കാ" (കസേരയുടെ കഥ) എന്നൊരു സിനിമയുണ്ട്. അടിയന്തരാവസ്ഥ ഏർപ്പെടുത്താനുണ്ടായ കാരണം ഈ പേരിലുണ്ട്. ഒരു കുടുംബം രാജ്യത്തിനും മുകളിലാകുമ്പോൾ, അടിയന്തരാവസ്ഥ പോലുള്ള കാര്യങ്ങൾ സംഭവിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് പാർലമെന്റിൽ പ്രതിപക്ഷത്ത് ആരുമുണ്ടായിരുന്നില്ല. നേതാക്കളെല്ലാം ജയിലിലായിരുന്നു. തനിക്ക് അപ്പോൾ 20 വയസ്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥി.
അതൊരു രാഷ്‌ട്രീയ തീരുമാനമായിരുന്നെങ്കിലും ആളുകളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും മനോവീര്യം തകർക്കലായിരുന്നു ലക്ഷ്യം. അടിയന്തരാവസ്ഥ നൽകുന്ന വലിയ പാഠം ഒരാളുടെ സ്വാതന്ത്ര്യത്തെ നിസാരമായി കാണരുതെന്നാണ്.
അക്കാലത്ത് 48 ഓർഡിനൻസുകൾ പാസാക്കിയെന്നും അഞ്ച് ഭേദഗതികൾ കൊണ്ടുവന്നുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ കോടതിയിൽ ചോദ്യം ചെയ്യുന്നത് വിലക്കിയ 38-ാം ഭേദഗതിയും 39-ാം ഭേദഗതി പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യുന്നത് വിലക്കുന്നതുമായിരുന്നു. 42-ാം ഭേദഗതി മൗലികാവകാശങ്ങൾ ദുർബലപ്പെടുത്താനും കോടതികളുടെ അധികാരം വെട്ടിക്കുറയ്‌ക്കാനും ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |