തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ വി എ അരുൺകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ചുളള കുറിപ്പ് പങ്കുവച്ചത്. "അച്ഛന്റെ ആരോഗ്യ നിലയിൽ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ'- അരുൺകുമാർ പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കളും പ്രതിപക്ഷനേതാവ് വിഡി സതീശനടക്കമുളള മറ്റു പാർട്ടിയിലെ നേതാക്കളും ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |