തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്തിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുളളറ്റിൻ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലായിട്ടില്ലെന്ന് ബുളളറ്റിൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നറിയിച്ച് ശനിയാഴ്ച മകൻ വി എ അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. 'അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛൻ, തീർച്ച'- എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |