തിരുവനന്തപുരം: സൂംബ ഡാൻസിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പ് ഉയരുന്നുണ്ടെന്നും ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമൂഹത്തിൽ ഇത് വിഭാഗീയതയ്ക്ക് കാരണമാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഡ്രസ് കോഡ് പാലിച്ചാണ് കായികവിനോദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെടില്ല. കായികവിനോദങ്ങൾ സ്‌കൂളിൽ യൂണിഫോമിലാണ് ചെയ്യിക്കുന്നത്. അതിനാൽ തന്നെ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ആരോഗ്യകരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇന്ത്യയിൽ ഹിജാബിനെതിരെ പ്രക്ഷോഭം നടന്നപ്പോൾ പുരോഗമന പ്രസ്‌ഥാനങ്ങൾ നിലപാട് എടുത്തിരുന്നു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ഭൂരിപക്ഷ വർഗീയതയെ വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. ഭരണഘടനയുടെ ആമുഖം കേരളത്തിലെ എല്ലാ പാഠപുസ്തകങ്ങളിലും അച്ചടിച്ചുകൊടുത്ത സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ഭരണഘടന, നിയമത്തിന് മുന്നിൽ എല്ലാവരെയും തുല്യരാക്കുന്നു'- മന്ത്രി വ്യക്തമാക്കി.
ഭാരതാംബ വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. 'മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടന നിരോധിക്കുന്നു. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും ഏതൊരു മതപരമായ ആചാരവും ഭരണഘടനാ പദവിയിലുള്ളവർ സർക്കാർ പരിപാടികളിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുവാദമില്ല. മതപരമായ കാര്യങ്ങളിൽ നിഷ്‌പക്ഷത കാണിക്കാനുള്ള ബാദ്ധ്യതയുമുണ്ട്. ഗവർണറുടെ പ്രവർത്തി ഭരണഘടനയിൻമേലുള്ള കടന്നാക്രമണമാണ്. ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, മതേതരത്വത്തെ തകർക്കുന്ന നടപടി കൂടിയാണ്. ഒരു ഭരണഘടനാ സ്ഥാപനം പ്രത്യേക മതപരമായ പ്രതീകത്തെ ഉയർത്തിക്കാട്ടുന്നത് മറ്റ് മതവിഭാഗങ്ങളോടുള്ള അവഗണനയാണ്. ഇത്തരം ഭരണഘടനാ ലംഘനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയാത്തതിനാലാണ് ഞാൻ ചടങ്ങിൽ നിന്നിറങ്ങിപ്പോയത്'-മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |