തൃശൂർ: ലഹരി പാർട്ടിക്കിടെ പൊലീസിനെ ആക്രമിച്ച് ഗുണ്ടകൾ. തൃശൂർ നല്ലെങ്കരയിൽ കഴിഞ്ഞ ദിവസം നടന്ന ലഹരി പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതി ബ്രഹ്മദത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഗ്രേഡ് എസ് ഐ ജയൻ, സീനിയർ സി പി ഒ അജു, സി പി ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുണ്ടകൾ മൂന്ന് പൊലീസ് ജീപ്പുകൾ തല്ലിത്തകർത്തു. സഹോദരങ്ങളായ അൽത്താഫും അഹദുമാണ് ബെർത്ത് ഡേ പാർട്ടി സംഘടിപ്പിച്ചത്. അഹദിന്റെയായിരുന്നു പിറന്നാൾ. ഇവരുടെ സുഹൃത്തുക്കളായ ബ്രഹ്മദത്ത്, എബിൻ, അഷ്ലിൻ, ഷാർബൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വീടിന് സമീപമുള്ള സ്ഥലത്തുവച്ചായിരുന്നു ആഘോഷം. കൊലപാതകം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ബ്രഹ്മദത്ത്.
മദ്യലഹരിയിൽ അൽത്താഫും അഹദും മാതാവിനെ കാണണമെന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ പോകേണ്ടെന്നായി സുഹൃത്തുക്കൾ. ഈ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. തുടർന്ന് അഹദിന്റെ മാതാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഒരു വണ്ടി പൊലീസെത്തി. പ്രതികൾ ആക്രമിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ബ്രഹ്മദത്ത് അടക്കം ആറു പേരെ കസ്റ്റഡിയിലെടുത്തു. ചിലർ ഓടി രക്ഷപ്പെട്ടു. പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് പല വീടുകളിലും ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |