കോട്ടയം: കായൽ വിനോദ സഞ്ചാരത്തിനു സഹായകമാകാൻ ലക്ഷ്യമിട്ട് നിർമ്മിച്ച കുമരകം നാലുപങ്കിലെ ഹൗസ് ബോട്ട് ടെർമിനൽ നാശത്തിന്റെ വക്കിൽ. നിലവിൽ ഇഴജന്തുക്കളുടെയും, സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് ഇവിടം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുഖാന്തിരം ടൂറിസം വകുപ്പാണ് ടെർമിനൽ നിർമിച്ചത്. 2020 നവംബറിലായിരുന്നു ഉദ്ഘാടനം. വൈദ്യുതിയും വാട്ടർ കണക്ഷനും ലഭിക്കാതെ തിരക്കിട്ടുള്ള ഉദ്ഘാടനം ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ടെർമിനലിന്റെ പ്രധാന കെട്ടിടമായ വാച്ച് ടവർ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നുകിടക്കുന്നു. സോളാർ ലൈറ്റ്, ശൗചാലയസൗകര്യം എന്നിവ ഉണ്ടായിരുന്നെങ്കിലും ക്രമേണ നശിച്ചു. ഹൗസ് ബോട്ടുകൾ കയറി വരേണ്ട കായൽ ഭാഗം പോള നിറഞ്ഞു. നടപ്പാതയിൽ സ്ഥാപിച്ച കൈവരികൾ മറിഞ്ഞുവീണു. ടെർമിനലിന്റെ നടത്തിപ്പിനെ ചൊല്ലി പഞ്ചായത്തും, ടൂറിസം വകുപ്പും കൊമ്പുകോർത്തിരുന്നു. പിന്നീട് പഞ്ചായത്തിന് വിട്ടു നൽകി. ഫിഷറീസ് വകുപ്പിന്റെ മത്സ്യ പ്രജനന കേന്ദ്രം പൊളിച്ചുകളഞ്ഞായിരുന്നു ടെർമിനൽ നിർമ്മാണം. ഇതിനെതിരെ ഫിഷറീസ് വകുപ്പും, മത്സ്യത്തൊഴിലാളികളും രംഗത്തു വന്നിരുന്നു.
മനസുവച്ചാൽ അനന്തസാദ്ധ്യതകൾ
വേമ്പനാട്ട് കായലിന്റെ കുമരകത്തെ തീരങ്ങൾ സ്വകാര്യ റിസോർട്ടുകൾ മോഹവില നൽകി വാങ്ങിയത്തോടെ ആളുകൾക്ക് കായൽ തീരത്തേയ്ക്ക് പോകാൻ ഇടമില്ലാതായിരുന്നു. നാലുപങ്ക് ടെർമിനൽ വന്നതോടെ കുമരകം ടൂറിസ്റ്റ് ഡസ്റ്റിനേഷനിൽ 40 ഹൗസ് ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യമാണ് ലഭ്യമായത്. ഒപ്പം സൂര്യാസ്തമനം കാണുന്നതിനും, കായൽ ഭംഗി ആസ്വദിക്കുന്നതിനും സാധിക്കുമായിരുന്നു. ഇരിപ്പിടങ്ങൾ, റസ്റ്റോറന്റ്, സ്‌നാക്ക്‌സ് ഷോപ്പുകൾ, അലങ്കാര ലൈറ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാം. കേന്ദ്രസർക്കാരിന്റെ സ്വദേശിദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ പദ്ധതിയിട്ടെങ്കിലും ഒന്നും നടന്നില്ല.
ഹൗസ് ബോട്ടുകൾ അടുപ്പിക്കാൻ കഴിയില്ലെന്ന്
ആലപ്പുഴ ജില്ലയോട് ഏറ്റവും ചേർന്നുകിടക്കുന്ന പ്രദേശമായ നാലുപങ്കിൽ കാറ്റ് വീശുന്നതിനാൽ ഹൗസ് ബോട്ടുകൾ ഇവിടെ അടുപ്പിക്കാൻ കഴിയില്ലെന്ന് ബോട്ട് ജീവനക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. നാലു പങ്കിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരെ മാറി ചീപ്പുങ്കലിലാണ് വർഷങ്ങളായി ബോട്ടുകൾ പാർക്ക് ചെയ്തിരുന്നത്.
ചെലവഴിച്ചത് : 3.8 കോടി
''ബോട്ട് ടെർമിനലിന്റെ നിർമ്മാണം അശാസ്ത്രീയമാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ടോയ്‌ലെറ്റുകൾ, ലൈറ്റുകൾ എന്നിവ ഉപയോഗശൂന്യമായി.
-പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |