കോട്ടയം: ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച അസം സ്വദേശി അമിനുൾ ഇസ്ലാം (20) നെ ചെങ്ങന്നൂർ ആർ.പി.എഫിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇന്നലെ രാവിലെ ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ഫോണാണ് മോഷ്ടിച്ചത്. തുടർന്ന് ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള പരശു എക്‌സ്പ്രസിലേക്ക് ഇയാൾ ഓടിക്കയറുകയായിരുന്നു. പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർ.പി.എഫ് എസ്.ഐ ജോസ്, എഎസ്.ഐ ഗിരികുമാർ, എച്ച്.സി ദിലീപ് കുമാർ, ഷാനു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോട്ടയത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ട്രെയിനുകൾ കേന്ദ്രീകരിച്ച് മുൻപും ഇയാൾ മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |