ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചു വർഷം
പട്ടാമ്പി: മുതിർന്ന പൗരന്മാരുടെ പകൽ സമയങ്ങളിലെ ഏകാന്തതയും വിരസതയും മാറ്റുക, മാനസികോല്ലാസം നേടുക തുടങ്ങിയ ഉദ്ദേശ്യത്തോടെ നിർമ്മാണം പൂർത്തിയാക്കിയ പകൽവീട് ആർക്കും ഉപകാരമില്ലാതെ അടഞ്ഞുകിടക്കുന്നു. തൃത്താല മണ്ഡലത്തിലെ ആനക്കര പഞ്ചായത്തിലെ മണ്ണിയം പെരുമ്പലത്താണ് എല്ലാവരും അവഗണിക്കപ്പെട്ട രീതിയിൽ പകൽവീട് നിലകൊള്ളുന്നത്. 2020 ൽ പ്രദേശവാസിയായ സി.കെ.കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയ സ്ഥലത്താണ് തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി പകൽവീട് കെട്ടിടം നിർമ്മിച്ചത്. കുടിവെളള വിതരണത്തിനുളള സൗകര്യങ്ങൾ, ശുചിമുറി, ടി.വി, ഫാൻ, മിക്സി, കട്ടിൽ, അടുക്കള, വായനമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യപരിശോധന, കൗൺസിലിംഗ് ക്യാമ്പുകൾ, മറ്റ് പരിശീലന ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും സൗകര്യങ്ങളുണ്ട്. എന്നാൽ ഉദ്ഘാടനം നടത്തി അഞ്ച് വർഷം കഴിഞ്ഞിട്ടും ഈ കെട്ടിടം ഉപയോഗ പ്രദമാക്കാൻ ആവശ്യമായ യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതർ സ്വീകരിച്ചില്ല. പകൽവീട് സംരക്ഷിക്കുവാനും പ്രവർത്തന സജ്ജമാക്കുവാനും തൃത്താല ബ്ലോക്ക് പഞ്ചായത്ത് അധികൃതർ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധം ശക്തമായതോടെ ബ്ലോക്ക് പഞ്ചായത്ത് ആനക്കര പഞ്ചായത്തിന് കെട്ടിടം കൈമാറിയതായി അറിയുന്നു. നിബന്ധനകൾ സംബന്ധിച്ച് ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾക്ക് ശരിയായ തീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനാൽ ഏറ്റെടുക്കാൻ ആനക്കര ഗ്രാമ പഞ്ചായത്ത് തയ്യാറായില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതോടെ മുതിർന്ന പൗരന്മാരുടെ അവസാനത്തെ ശ്രമവും വൃഥാവിലായി. കെട്ടിടത്തിന്റെ ചുറ്റുപാട് മുഴുവൻ കാട് കയറിയ നിലയിലാണ്. ഇപ്പോൾ ഇഴജന്തുക്കൾ അടക്കമുള്ള ജീവികളുടെ ആവാസ കേന്ദ്രമാണിവിടം. കെട്ടിടത്തിന്റെ വിവിധ മരപ്പണികൾ ചിതലെടുത്ത് നശിക്കുന്നു. ഫാൻ മുതലായ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും പകൽവീട് ഉടൻതന്നെ പ്രവർത്തനക്ഷമമാക്കണമെന്നും ആനക്കര ഗ്രാമ പഞ്ചായത്ത് സീനിയർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |