കൊച്ചി: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നടപ്പിലാക്കിയ ഡിവിഷൻ വിഭജനത്തിൽ 31,000 വോട്ടർമാരെ ഒഴിവാക്കിയെന്ന് ഹൈക്കോടതിയിൽ ഹർജി.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഡീലിമിറ്റേഷൻ കമ്മിഷനോടും കോർപ്പറേഷനോടും വിശദീകരണം തേടി. കോർപ്പറേഷനിലെ ഡിവിഷൻ വിഭജന ഉത്തരവ് ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവിട്ടു.
2011ലെ സെൻസസ് അനുസരിച്ച് ഡിവിഷൻ വിഭജനം നടത്തണമെന്നും സെൻസസ് പ്രകാരമുള്ള ജനസംഖ്യയെ വാർഡുകളുടെ മൊത്തം എണ്ണം കൊണ്ട് ഹരിച്ച് ഓരോ വാർഡിലേക്കുമുള്ള മാനദണ്ഡമായി എണ്ണം കണക്കാക്കണമെന്നുമാണ് നിർദ്ദേശം. 2011 സെൻസസ് അനുസരിച്ച് കോർപ്പറേഷനിലെ ജനസംഖ്യ 6,33,000 ആണ്. എന്നാൽ കമ്മിഷൻ മാനദണ്ഡമായി എടുത്തിട്ടുള്ളത് 6,02,000 ജനസംഖ്യ മാത്രമാണ്. ഇത് മൂലം 31,000 പേർ ഡീലിമിറ്റേഷൻ നടപടിക്രമങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. അഞ്ചാം ഡിവിഷനിൽ (പഴയ മട്ടാഞ്ചേരി) മാത്രം 8144 വോട്ടർമാരെ വിട്ടുപോയി. മാനദണ്ഡമനുസരിച്ച് 8000ത്തിലധികം വരുന്ന ജനസംഖ്യയുള്ള ഒരു ഡിവിഷനോ, വാർഡോ നിലനിർത്തണമെന്നാണ്. ഈ മാനദണ്ഡങ്ങൾ എല്ലാം മറികടന്നാണ് വിഭജനം നടപടികൾ നടത്തിയിട്ടുള്ളതെന്നും ആയതിനാൽ വാർഡ് വിഭജനം റദ്ദ് ചെയ്യണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
10,144 ജനസംഖ്യ ഉണ്ടായിരുന്ന പഴയ മട്ടാഞ്ചേരിയിൽ, വിഭജനം നടത്തിയപ്പോൾ 3600 ജനസംഖ്യ വിഭജിച്ച് പുതിയ 3, 5, 6 വാർഡുകളിലേക്ക് കൂട്ടിച്ചേർത്തു. ബാക്കിവരുന്ന 8000ത്തിലധികം ആളുകളെ മറ്റേതെങ്കിലും വാർഡുകളിലേക്ക് കൂട്ടിച്ചേർത്തതായോ, പുതിയ ഡിവിഷൻ രൂപീകരിച്ചതായോ കാണുന്നില്ല. അന്തിമ വിഭജന ഉത്തരവിലും ഈ കാര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |